പോളിടെക്നിക്; കോൺഗ്രസ് മാർച്ചിൽ സംഘർഷം
text_fieldsപയ്യന്നൂർ: പയ്യന്നൂർ കോറോം ഗവ. റസിഡൻസ് വനിത പോളിടെക്നിക് കോളജിൽ കെ.എസ്.യു. യൂനിറ്റ് സമ്മേളനം നടത്താനെത്തിയ നേതാക്കളെ ഒരു സംഘം തടഞ്ഞതുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ പൊലീസ്, കോൺഗ്രസ് സംഘർഷം. നേതാക്കളെ തടഞ്ഞവർക്കെതിരെ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചാണ് പൊലീസുമായി വാക്കേറ്റവും സംഘർഷവുമുണ്ടായത്. 50 ഓളം പ്രവർത്തകരാണ് ചൊവ്വാഴ്ച സന്ധ്യയോടെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. പോളിയിൽ കെ.എസ്.യു യൂനിറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കെ.എസ്.യു ജില്ല പ്രസിഡന്റ് എം.സി. അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്, നേതാക്കളായ നവനീത് നാരായണൻ, അർജുൻ കോറോം, ശ്രീരാഗ് പുഴാതി, നവനീത് ഷാജി, യുക്ത ഷാജി എന്നിവരെ മുതിയലത്തു വച്ച് അമ്പതോളം വരുന്ന ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതായാണ് പരാതി.
കാമ്പസിൽ നിന്നും പുറത്തേക്ക് വന്ന വനിത കെ.എസ്.യു പ്രവർത്തകരെ ഒരു സംഘം എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതായും പരാതിയുണ്ട്. കമ്പ്യൂട്ടർ എന്ജിനീയറിങ് മൂന്നാം വർഷ വിദ്യാർഥിനി അനന്യ ബാബു (20), മൂന്നാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിനി എം. പൂജ (20) എന്നിവരെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.ജയരാജ്, എ.രൂപേഷ്, എ.പി.നാരായണൻ, കെ.എസ്. യു സംസ്ഥാന സെക്രട്ടറി അർജുൻ കറ്റയാറ്റ്, എം.സി. അതുൽ, നവനീത് നാരായണൻ, പിലാക്കൽ അശോകൻ എന്നിവർ നേതൃത്വം നൽകി.
എന്നാൽ, പയ്യന്നൂർ പോളിയിൽ ആരോപിക്കപ്പെട്ട സംഭവം ഉണ്ടായിട്ടില്ലെന്ന് ഡി.വൈ എഫ് ഐ. പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറി വി.കെ. നിഷാദ് പറഞ്ഞു. ഇത് പോളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ബോധ പൂർവ്വമായ ശ്രമവും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചിലരുടെ ഗൂഢാലോചനയുടെ ഭാഗവും മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.