നിലനിൽക്കുമോ പാതയോരത്തെ ജലസമൃദ്ധി ?
text_fieldsപയ്യന്നൂർ: പയ്യന്നൂർ -കാഞ്ഞങ്ങാട് റൂട്ടിൽ വെള്ളൂർ ദേശീയപാതയോരത്തെ ജലസമൃദ്ധി രാമൻകുളം നിലനിർത്തണമെന്ന ആവശ്യം ശക്തമായി.
ജില്ലയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ശനിയാഴ്ച ജില്ല കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന എം.എൽ.എമാരുടെ യോഗത്തിൽ വിഷയം ചർച്ചയായത് പ്രതീക്ഷയേകുന്നു.
രാമൻകുളം സംരക്ഷിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായി ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. ജലസമൃദ്ധി മാത്രമല്ല, ഏറെ ചരിത്ര പ്രാധാന്യമുള്ളതുകൂടിയാണ് രാമൻകുളം.
പുണ്യമൊഴുക്കിയ തറവാട്
വെള്ളോറയിലും പരിസരങ്ങളിലും നിരവധി പൊതുകിണറുകളും പൊതുകുളങ്ങളും നിർമിച്ച തറവാടായിരുന്നു വെള്ളോറ തറവാട്. ഇവർ വെള്ളൂരിലെത്തിയപ്പോൾ ഇവിടെയും ആ പുണ്യപ്രവൃത്തി തുടർന്നു. സുമാർ മൂന്ന് നൂറ്റാണ്ടുമുമ്പ് അന്നത്തെ വെള്ളോറ തറവാട്ടുകാരണവരായ രാമ പൊതുവാളാണ് ഏക്കർകണക്കിന് വിസ്തൃതിയിൽ വാസ്തുശിൽപ സൗന്ദര്യം നിറഞ്ഞ ഈ വിശാലമായ കുളം നിർമിച്ചത്.
വെള്ളൂരിലെ കുളത്തോടൊപ്പം കാറമേലിലും കോറോത്തും മറ്റു രണ്ടു വലിയ കുളങ്ങളും പണിതീർത്തതായി പറയുന്നു. കണ്ണെത്താത്ത വെള്ളൂർ കരിങ്ങണ്ണാറ്, കാങ്കോൽ വയലുകളുടെ നടുവിലാണ് വെള്ളൂരിലെ കുളം നിർമിച്ചത്. രാമ പൊതുവാൾ പണികഴിപ്പിച്ച കുളം പിന്നീട് രാമൻകുളമായി മാറി. അന്ന് റോഡുണ്ടായിരുന്നില്ല. നടപ്പാത മാത്രം. കൃഷിപ്പണിക്കും വഴിയാത്രക്കാർക്കുമായി കുളത്തിന് എതിർഭാഗത്ത് തണ്ണീർപന്തലും ചുമടുതാങ്ങിയും ഏർപ്പെടുത്തിയിരുന്നു. ആദ്യകാലങ്ങളിൽ തണ്ണീർപന്തലിൽ കുടിവെള്ളമായി സംഭാരം നൽകാൻ തറവാട്ടിലെ മുതിർന്ന സ്ത്രീകളെ നിയോഗിച്ചതായും പഴമക്കാർ പറയുന്നു.
നാടിന്റെ ജലസമൃദ്ധി നാട്ടുകാരുടെ നീന്തൽക്കളരി
1953ൽ അന്നത്തെ തറവാട്ടുകാരണവരായിരുന്ന വെള്ളോറയച്ചൻ വി.എം. ചിണ്ടൻ മൂത്ത പൊതുവാളാണ് കുളം പഞ്ചായത്തിനും നാട്ടുകാർക്കുമായി തുറന്നുകൊടുത്തത്രെ. ഇതോടെ ജാതി, മത ഭേദമന്യേ ആർക്കും ഉപയോഗിക്കാവുന്ന പൊതുകുളമായി രാമൻകുളം മാറി. ആയിരക്കണക്കിന് നാട്ടുകാർക്ക് നീന്തൽക്കളരിയായി മാറിയ ജലാശയം കൂടിയാണ് രാമൻകുളം. കുറേക്കാലം ദീർഘദൂര ലോറി ജീവനക്കാരുടെ വാഹനം കഴുകലും കുളിയുമൊക്കെ ഇവിടെയായിരുന്നു. എന്നാൽ, കുളം മലിനപ്പെടുത്തുന്നത് യുവജനങ്ങൾ സംഘടിച്ച് വിലക്കി.
ജില്ലതല അക്വാറ്റിക് ചാമ്പ്യൻഷിപ്പിനും മറ്റു നീന്തൽ മത്സരങ്ങൾക്കും വേദിയായ ചരിത്രവും രാമൻകുളത്തിന് സ്വന്തം. അഡ്വഞ്ചർ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സൗജന്യ നീന്തൽ പരിശീലനം രണ്ടു പതിറ്റാണ്ടോളം തുടർന്നിരുന്നു. കൂടാതെ പ്രദേശത്തെ ഒട്ടുമിക്ക ക്ലബുകളും ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ സൗജന്യ നീന്തൽ പരിശീലനം നടത്തിയതും രാമൻകുളത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.