ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് പുറത്തെടുത്തു ആറു വയസ്സുകാരിക്ക് പുതുജന്മം
text_fieldsപയ്യന്നൂർ: കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് സങ്കീർണ റിജിഡ് ബ്രോങ്കോസ്കോപ്പി ചികിത്സയിലൂടെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും വിജയകരമായി പുറത്തെടുത്തു. ആദ്യമായി കൊഴിഞ്ഞ സ്വന്തം പല്ല് അബദ്ധത്തിൽ വിഴുങ്ങിയ, കണ്ണൂർ സ്വദേശിനിയായ ആറുവയസ്സുകാരിക്കാണ് ഇതോടെ പുതുജന്മം കിട്ടിയത്.
ഒന്നരമാസത്തിലേറെയായി വിട്ടുമാറാത്ത ചുമയും വലിവും ശ്വാസതടസ്സവും കാരണം കുട്ടി ബുദ്ധിമുട്ടുകയായിരുന്നു. ഒരുവർഷം മുമ്പേ മാറിയ വലിവിെൻറ അസ്വസ്ഥത വീണ്ടുമുണ്ടായെന്ന് കരുതിയാണ് കണ്ണൂർ ജില്ല ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടറെ കണ്ടത്. അവിടെനിന്നും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. വിശദമായ പരിശോധനയിൽ, ഇടത് ശ്വാസകോശത്തിൽ എന്തോ ഒന്ന് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്തെങ്കിലും വിഴുങ്ങിയിരുന്നോ എന്ന അന്വേഷണത്തിനിടെയാണ് വായിൽനിന്നും കൊഴിഞ്ഞ പല്ല് കാണാതായ വിവരം രക്ഷിതാക്കൾ ഡോക്ടർമാരെ അറിയിച്ചത്. പല്ല് കുടുങ്ങി, ശ്വാസകോശത്തിലെ പ്രസ്തുത ഭാഗം അടഞ്ഞുകിടന്നതിനാൽ കഫം ഉൾപ്പെടെ കെട്ടിക്കിടന്ന് അണുബാധയും അപകടാവസ്ഥയും സൃഷ്ടിക്കപ്പെട്ടിരുന്നു. ഇതോടെ, കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുകയായിരുന്നു.
അത്യാധുനിക കാമറ സഹിതമുള്ള റിജിഡ് ബ്രോങ്കോസ്കോപ്പി ചികിത്സയിലൂടെ മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുടുങ്ങിക്കിടന്ന പല്ലും പല്ലുകാരണം ആ ഭാഗം അടഞ്ഞുകിടന്നതിനാൽ കെട്ടിക്കിടന്ന് അണുബാധയുടെ തുടക്കമായ കഫവും നീക്കം ചെയ്തത്. ശ്വാസകോശ വിഭാഗത്തിലെ ഡോ. ഡി.കെ. മനോജ്, ഡോ. രാജീവ് റാം, ഡോ. കെ. മുഹമ്മദ് ഷഫീഖ്, ശിശുരോഗ വിഭാഗത്തിലെ ഡോ. എം.ടി.പി. മുഹമ്മദ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ചാൾസ് തോമസ്, ഡോ. മോളി ജോസ്, ഡോ. ബഷീർ മണ്ഡ്യൻ എന്നിവരുൾപ്പെട്ട മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയതെന്നും കുട്ടി സുഖം പ്രാപിച്ച് വരുന്നതായും പ്രിൻസിപ്പൽ ഡോ. കെ. അജയ കുമാറും ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപും അറിയിച്ചു. കുട്ടിയുടെ ജീവൻ രക്ഷിച്ച ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും എം. വിജിൻ എം.എൽ.എ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.