ദുരന്ത ഭീതിയുയർത്തി ക്വാറികൾ; ഉരുൾപൊട്ടൽ സാധ്യത ഭൂപടങ്ങൾ പരിഷ്കരിക്കണം
text_fieldsപയ്യന്നൂർ: പ്രകൃതിക്ഷോഭവും ദുരന്തവും ആവർത്തിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യതാ ഭൂപടം പുതുക്കണമെന്ന ആവശ്യം ശക്തം. കരിങ്കൽ ക്വാറികൾ കൂടിയ സാഹചര്യത്തിലാണ് 2010ൽ തയാറാക്കിയ ഇപ്പോഴത്തെ ഉരുൾപൊട്ടൽ സാധ്യതാ ഭൂപടങ്ങൾ പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായത്. സംസ്ഥാനത്തെ ഖനനപ്രവർത്തനങ്ങൾ മുഴുവൻ ഉരുൾപൊട്ടൽ സാധ്യതാ ഭൂപടങ്ങളുടെ അടിസ്ഥാനത്തിൽ പുനഃപരിശോധനക്കു വിധേയമാക്കണമെന്ന ആവശ്യവും പരിസ്ഥിതിപ്രവർത്തകർ ഉന്നയിക്കുന്നു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ ഉരുൾപൊട്ടൽ സാധ്യതാ ഭൂപടത്തിൽ ജില്ലയിൽ നിരവധി മലയോര പ്രദേശങ്ങളുണ്ട്. ഉരുൾപൊട്ടൽ മേഖലകളായി ചൂണ്ടിക്കാണിച്ച പ്രദേശങ്ങളിൽതന്നെയാണ് ഈ വർഷം ഉരുൾപൊട്ടലുകൾ നടന്നത്. ഈ പ്രദേശങ്ങളിൽ വർഷങ്ങളായി കരിങ്കൽ ഖനനം നടന്നുവരുന്നുണ്ട്. ജില്ലയിൽ കണിച്ചാർ വില്ലേജിൽ പൂളക്കുറ്റി, നെടുംപുറംചാൽ മേഖലകളിൽ ഇക്കഴിഞ്ഞ ഒന്നാം തീയതി നടന്ന ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയുടെ ഫലമായി പിഞ്ചുകുഞ്ഞടക്കം മൂന്നുപേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇതേ പ്രദേശത്തുതന്നെയാണ് 27, 28 തീയതികളിലും ഉരുൾപൊട്ടൽ ഉണ്ടായത്.
ഈ പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന ക്വാറിയും പരിസ്ഥിതികാനുമതിയുടെ കാലാവധി അവസാനിച്ചതിനാൽ 2021 ജൂണിൽ പ്രവർത്തനം അവസാനിപ്പിച്ച ക്വാറിയും ഉരുൾപൊട്ടൽ സാധ്യത മേഖലയിലാണ്. പെരിങ്ങോത്തും സമാനമായ ഭീതി നിലനിൽക്കുന്ന പ്രദേശങ്ങളുണ്ട്.
ഉരുൾപൊട്ടൽ മേഖലയിലെ ഖനനപ്രവർത്തനങ്ങൾ ഉരുൾപൊട്ടൽ സാധ്യതകളെ വർധിപ്പിക്കുന്നുവെന്ന് സംസ്ഥാന ദുരന്തനിവാരണ മാസ്റ്റർ പ്ലാനും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതാ ഭൂപടങ്ങൾ പരിശോധിച്ചുമാത്രമേ ഇത്തരം പ്രദേശങ്ങളിൽ ഖനനാനുമതികൾ നൽകാവൂ എന്ന് ഈ മാസ്റ്റർ പ്ലാനും നിരവധി കോടതി വിധികളും വ്യക്തമാക്കിയിട്ടുണ്ട്.
മലയോരത്ത് ഇപ്പോൾ പ്രവർത്തിച്ചുവരുന്ന ക്വാറിക്കു സമീപം മറ്റൊരു വലിയ ക്വാറിക്കായി പാരിസ്ഥിതികാനുമതി തേടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് 2018ൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിശോധിച്ച കേന്ദ്ര വിദഗ്ധസമിതിയുടെ 2018 ജൂണിൽ നടന്ന യോഗം അപേക്ഷ നിരസിച്ചിരുന്നു. അതിനു കാരണമായി പറഞ്ഞത് അനുമതിയുള്ളവയുടെതന്നെ അനധികൃത ഖനനമാണ്. മിക്ക ക്വാറികളും പാരിസ്ഥിതികാനുമതി പ്രകാരമുള്ള പെർമിറ്റ് ഏരിയക്കു പുറത്തും ഖനനം നടക്കുന്നതായി കണ്ടെത്തിയെന്ന് സമിതി പറയുന്നു. ഇങ്ങനെ പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ നടപടിയെടുക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനോടും സംസ്ഥാന സർക്കാറിനോടും സമിതി നിർദേശിച്ചിരുന്നു. ബന്ധപ്പെട്ടവർ ഇതവഗണിച്ചതായി പരിസ്ഥിതി പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.