ക്വാറി അനുമതി: സുപ്രീംകോടതി വിധി മലകൾക്ക് തുണയാവും
text_fieldsപയ്യന്നൂർ: ജില്ലയിൽ തൃപ്രങ്ങോട്ടൂര്‍ മുതല്‍ പെരിങ്ങോം വരെ വ്യാപിച്ചുകിടക്കുന്ന മലയോര പ്രദേശങ്ങളിൽ വൻതോതിലുള്ള അനധികൃത ക്വാറികൾ തടയണമെന്ന പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യത്തിന് വ്യാഴാഴ്ചയുണ്ടായ സുപ്രീംകോടതി വിധി തണലാകും. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പോലും ഹരിത ട്രൈബ്യൂണലിന് കേസെടുക്കാമെന്ന വിധിയാണ് പരിസ്ഥിതി പ്രവർത്തകർക്ക് ആശ്വാസമായത്. ജില്ലയിൽ വ്യാപകമായി അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതായി രണ്ടു വർഷം മുമ്പുനടന്ന സ്വകാര്യ സർവേയിൽ കണ്ടെത്തിയിരുന്നു.
അനുമതിയോടെ പ്രവർത്തിക്കുന്നവയുടെ രണ്ടിരട്ടിയോളം അനധികൃത ക്വാറികളുണ്ടെന്നാണ് കണക്കുകള്‍. ഇവ ചൂണ്ടിക്കാട്ടിയാൽ ഹരിത ട്രൈബ്യൂണലിന് ഇടപെടാനുള്ള അനുമതിയാണ് കോടതി വിധിയിലൂടെ ലഭിച്ചത്. ജില്ലയില്‍ തൃപ്രങ്ങോട്ടൂര്‍, നിടിയേങ്ങ, വയക്കര, കുറ്റൂര്‍ എന്നീ വില്ലേജുകളിലും ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലുമാണ് ഏറ്റവും കൂടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ആലക്കോട്, വെള്ളാട്, ഉദയഗിരി വില്ലേജുകളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും താരതമ്യേന കുറവാണ്. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ രണ്ടെണ്ണത്തിനും എരമം കുറ്റൂർ പഞ്ചായത്തിലെ ഒന്നിനും 2019ലെ പ്രളയത്തിന് ശേഷമാണ് അനുമതി നൽകിയത്. ഇത് അന്നുതന്നെ കേന്ദ്ര ഹരിത ട്രൈബ്യൂണൽ തീരുമാനത്തിന് വിരുദ്ധമാണെന്ന് ആക്ഷേപമുയർന്നിരുന്നു. മുമ്പ് ഓരോ പ്രദേശത്തും ക്വാറികള്‍ തുടങ്ങണമെങ്കില്‍ പ്രാദേശിക ഭരണകൂടത്തിെൻറ അനുമതി ആവശ്യമായിരുന്നു. എന്നാല്‍, ഏകജാലക ബോര്‍ഡ് നിലവില്‍ വന്നതോടെ അതും അപ്രസക്തമായി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ ക്വാറി ഉടമകളില്‍ നിന്നും നികുതിയിനത്തില്‍ ലഭിച്ചത് കേവലം 165 കോടി രൂപയാണെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു.
കരിങ്കല്‍ ഉല്പന്നങ്ങള് കടത്താന്‍ നല്കുന്ന പാസുകള്‍ ദുരുപയോഗം ചെയ്യുന്നതാണ് മറ്റൊരു തട്ടിപ്പ്. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഒരു വര്‍ഷത്തേക്ക് നല്കുന്ന പാസുകളില്‍ കൃത്രിമം കാട്ടിയാണ് വീണ്ടും വീണ്ടും കരിങ്കല്‍ ഉല്പന്നങ്ങള് കടത്തുന്നത്. ഭൂസമരം നടന്ന് കുടിയൊഴിപ്പിച്ച പല റവന്യൂ ഭൂമികളും ഇന്ന് അനധികൃത ക്വാറികളുടെ വിളനിലങ്ങളാണ്. കൃത്യമായ സര്‍വേ നടക്കാത്തതിനാല്‍ സ്വകാര്യ ഭൂമിയും റവന്യൂ ഭൂമിയും തിരിച്ചറിയല്‍ അസാധ്യമാണ്. വനമേഖലയില്‍നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം നടത്തണമെങ്കില്‍ കേന്ദ്ര വന്യജീവി മന്ത്രാലയത്തിെൻറ അനുമതി ആവശ്യമായിരുന്നു. എന്നാല്‍, അത് അഞ്ചു കിലോമീറ്ററായി ചുരുക്കി. വീടുകൾ 100 മുതൽ 200 മീറ്റർ വരെയെന്നത് 50 ആക്കി ചുരുക്കിയതും മാഫിയക്ക് വളമായി. ഈ തീരുമാനവും കോടതി റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.