റെയിൽവേ സ്റ്റേഷൻ നടപ്പാത പൊളിച്ചുമാറ്റി; യാത്രക്കാർക്ക് ദുരിതം
text_fieldsപയ്യന്നൂർ: റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തി നാട്ടുകാർക്ക് ദുരിതമാകുന്നു. സ്റ്റേഷനിൽനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് പോകാൻ നിർമിച്ച നടപ്പാത പകരം സംവിധാനമേർപ്പെടുത്താതെ പൊളിച്ചുമാറ്റിയതാണ് നാട്ടുകാരെ പെരുവഴിയിലാക്കിയത്. പാത പൊളിച്ചതോടെ റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്ത പ്രദേശത്തുള്ളവർക്കുപോലും സ്റ്റേഷനിലെത്താൻ കി.മീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയായി.
പയ്യന്നൂർ നഗരസഭയിലെ മമ്പലം, സുരഭി നഗർ, കാനം, തെരു, കണ്ടങ്കാളി, മഹാദേവ ഗ്രാമം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർ എളുപ്പത്തിൽ എത്തുന്നതിന് ഉപയോഗപ്പെടുത്തുന്ന പാതയാണ് ഇല്ലാതായത്. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പാർക്കിങ് കേന്ദ്രം നിർമിക്കുന്നതിനാണ് പാത പൊളിച്ചതെന്നു പറയുന്നു. എന്നാൽ, മറ്റൊരു വഴി ഉണ്ടാക്കാതെ വർഷങ്ങളായി നാട്ടുകാർ നടന്നു പോകുന്ന കോൺക്രീറ്റ് നടപ്പാത പൊളിച്ചത് പ്രതിഷേധാർഹമാണെന്ന് പ്രദേശവാസികൾ പറയുന്നു.
നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് മുൻ എം.എൽ.എ സി. കൃഷ്ണനും നഗരസഭയും ഇടപ്പെട്ട് രണ്ടാം നമ്പർ പ്ലാറ്റ്ഫോം വരെ മാത്രം ഉണ്ടായിരുന്ന മേൽപാലം മൂന്നാം നമ്പർ പ്ലാറ്റ്ഫോം വരെ നീട്ടിയിരുന്നു. ഈ പാലത്തിലേക്ക് വരാനുള്ള പാതയാണ് ഇല്ലാതായത്.
നവീകരണത്തിന്റെ ഭാഗമായി വെള്ളം തടഞ്ഞു നിർത്തിയതും ജനവാസ മേഖലയിൽ ദുരിതം വിതക്കുന്നതായി നാട്ടുകാർ പറയുന്നു. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ പെരുകുന്നതായും ഇത് പകർച്ചവ്യാധി ഭീതി സൃഷ്ടിക്കുന്നതായും പരിസരവാസികൾ പറഞ്ഞു.
നേരത്തെ രണ്ടും മൂന്നും നമ്പർ ഫ്ലാറ്റ്ഫോമുകളുടെ തറ കോൺക്രീറ്റ് ചെയ്ത് ടൈൽ പാകുന്നതിനായി കിളച്ചിട്ടത് യാത്രക്കാർക്ക് വിനയായിരുന്നു. തെക്കോട്ടുള്ള യാത്രക്കാർക്കുള്ള ട്രെയിൻ വരുന്ന രണ്ടാം നമ്പർ ഫ്ലാറ്റ്ഫോമിൽ മുഴുവനായി മേൽക്കൂരയില്ല.
ഓർക്കാപ്പുറത്ത് പെയ്ത കനത്ത മഴയിൽ കിളച്ചിട്ട ഫ്ലാറ്റ്ഫോം മുഴുവൻ ചളിക്കുളമായി മാറി. സാഹസപ്പെട്ട് ചളിയിൽ ചവിട്ടിയാണ് യാത്രക്കാർ ട്രെയിനിൽ കയറുന്നതും ഇറങ്ങുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.