ഒറ്റമഴ; ചളിക്കുളമായി ദേശീയപാത
text_fieldsപയ്യന്നൂർ: അപ്രതീക്ഷിതമായി പെയ്ത വേനൽമഴയിൽ ചളിക്കുളമായി ദേശീയപാത. പിലാത്തറക്കും പീരക്കാംതടത്തിനുമിടയിലാണ് റോഡ് തോടായത്. ബുധനാഴ്ച രാവിലെ ഒരു മണിക്കൂറോളം നേരം പെയ്ത കനത്ത മഴയാണ് പാതയിൽ പ്രളയം തീർത്തത്.
മഴ പെയ്ത ഉടൻ അരയോളം വെള്ളമാണ് സർവിസ് റോഡിൽ കയറിയത്. ഓവുചാലും സ്ലാബും ഉൾപ്പെടെ മുങ്ങിയ നിലയിലാണ്. ഏറെ നേരം വാഹന ഗതാഗതം ദുഷ്കരമായി. സമീപത്തെ തോട് മൂടിയുള്ള നിർമാണ പ്രവർത്തനമാണ് വെള്ളക്കെട്ടിന് കാരണമെന്നും ഇതിന് അടിയന്തിര പരിഹാരം വേണമെന്നും സമീപവാസികൾ പറയുന്നു. മഴയില്ലാത്തപ്പോൾ തന്നെ വാഹനങ്ങളുടെ അടിതെറ്റലും വീഴലും പിലാത്തറയില്‍ നിത്യസംഭമാണ്. മഴ നീണ്ടാൽ അപകടം കൂടുമെന്ന ഭീതിയിലാണ് നാട്ടുകാർ.
ചൊവ്വാഴ്ച പീരക്കാംതടത്തില് ലോറി കുഴിയിലേക്ക് വീണ് ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ച നാലരയോടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയാണ് അടിതെറ്റി താഴെ കുഴിയിലേക്ക് പതിച്ചത്. കഴിഞ്ഞ ദിവസം ശബരിമല തീർഥാടകര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് തന്നെയായിരുന്നു ഈ അപകടവും. അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റിരുന്നു.
ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി റോഡ് ആഴത്തില്‍ കുഴിച്ചതിനാല്‍ ഇടുങ്ങിയ സര്‍വിസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ അല്പം ദിശ തെറ്റിയാല്‍ തന്നെ കുഴിയിലേക്ക് വീഴുകയാണ്. വശങ്ങളില് കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വലിയ വാഹനങ്ങള്‍ ചെറുതായി ഉരസിയാല്‍ തന്നെ ഇവ ചരിഞ്ഞുവീഴുകയും വാഹനം കൂടി നിലംപതിക്കുകയും ചെയ്യും. ഇവിടെ അപകടമുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.