മഴ; നെൽവയലുകൾ കണ്ണീർപ്പാടങ്ങളാകുന്നു
text_fieldsപയ്യന്നൂർ: മഹാമാരിയും അടച്ചിടലും തീർത്ത ആലസ്യവും ആശങ്കയും തീണ്ടാതെ വിയർപ്പൊഴുക്കിയ കൃഷിക്കാരുടെ കണ്ണീർപ്പാടങ്ങളാവുകയാണ് നെൽവയലുകൾ. കാലം തെറ്റിയെത്തിയ കൊടുംവർഷമാണ് ഒന്നാം വിള നെൽകൃഷി വെള്ളത്തിലാക്കിയത്. കന്നിക്കൊയ്ത്തിന് പാകമായ മിക്ക പാടങ്ങളും വെള്ളത്തിലായതോടെ കൃഷിയിറക്കിയ കർഷകരുടെ സ്വപ്നങ്ങൾ കൂടിയാണ് നനഞ്ഞുകുതിർന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച്, നെല്ലിെൻറ തറവാടായിരുന്ന കേരളത്തിൽ നെൽകൃഷി തിരിച്ചുവന്ന വർഷമാണ് കോവിഡുകാലമെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തിയിരുന്നു.
ഞാറ്റുവേലയിൽ ഒന്നാംവിള നെൽകൃഷി സജീവമായിരുന്നു കണ്ണൂർ, കാസർകോട് ജില്ലകളിൽ. ഈ ജില്ലകളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ആയിരം ഹെക്ടറിലെങ്കിലും അധികമായി കൃഷിയിറക്കിയതായാണ് കൃഷി വകുപ്പിെൻറ കണക്ക്. ഇതാണ് വെള്ളത്തിലായത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 2017ലാണ് രണ്ട് ജില്ലകളിലും കൂടുതൽ വയലുകളിൽ ഒന്നാം വിള കൃഷി ചെയ്തതെന്നാണ് കണക്ക്.
2017ൽ ഇരു ജില്ലകളിലുമായി 5120 ഹെക്ടറിലാണ് കൃഷിയിറക്കിയത്. എന്നാൽ 2018, 2019 വർഷങ്ങളിൽ ഒന്നാംവിള ചെയ്ത സ്ഥലത്തിെൻറ വിസ്തീർണം കുറഞ്ഞു. ഈ വർഷമിത് 6000 ത്തിലധികം ഹെക്ടറായി കൂടിയതായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള കണക്കുകൾ.
മുൻവർഷങ്ങളെ അപേക്ഷിച്ച് കരനെൽകൃഷി വൻതോതിൽ വർധിച്ചു. ഇതിനു പുറമെ തിരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിലെ നെല്ലും മീനും പദ്ധതി ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികൾ നെൽകൃഷിയുടെ വ്യാപനത്തിന് സഹായകമായി. കൃത്യസമയത്ത് മൺസൂൺ ഉണ്ടായതിലൂടെയുള്ള അനുകൂല കാലാവസ്ഥ കൃഷിയിറക്കാൻ സഹായകമായി. എന്നാൽ, കൊയ്ത്തിന് പാകമായപ്പോൾ എത്തിയ പ്രതികൂല കാലാവസ്ഥ കൃഷിക്കാർക്ക് തിരിച്ചടിയായി.
കോവിഡ് പശ്ചാത്തലത്തിലുണ്ടായ ദാരിദ്ര്യഭീതിയും കൃഷിയിറക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയെൻറ വാർത്തസമ്മേളനങ്ങളിലെ ആഹ്വാനവും നെൽകൃഷിയുടെ വ്യാപനത്തിന് കാരണമായതായി തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർ വ്യക്തമാക്കുന്നു. തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയിരുന്നതും കൃഷിയുടെ വ്യാപനത്തിന് കാരണമായി.
നെൽകൃഷിയോടുള്ള ആഭിമുഖ്യം കൂടുമ്പോഴും വടക്കൻ കേരളത്തിൽ നെൽവയലുകളുടെ വിസ്തൃതി ഗണ്യമായി കുറയുകയാണ്. 2013ൽ കണ്ണൂർ ജില്ലയിൽ മാത്രമായി 8186 ഹെക്ടറിൽ കൃഷിയിറക്കിയിരുന്നു. ഇതിൽ പകുതിയോളം വയലുകളും നാണ്യവിളകൾക്കും വീടുകൾക്കും വഴിമാറി.
കാലാവസ്ഥ വ്യതിയാനം മൂലം നെൽകൃഷി നഷ്ടമായതോടെ ജനങ്ങൾ നെല്ലിനോട് വിട പറയുകയായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ രണ്ടാംവിള കൃഷിയിറക്കുന്നത് ഗണ്യമായി കുറയുകയും മൂന്നാംവിള നാമാവശേഷമാവുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപന കണക്കുകളിൽ തരിശുരഹിത ഗ്രാമമെന്ന് കണക്കുകൾ രേഖപ്പെടുത്തുമ്പോഴും തരിശുകളും വയൽ നികത്തലും കൂടിവന്നു. ഇതിൽ നിന്നുള്ള തിരിച്ചുപോക്കുകൂടിയാണ് കോവിഡുകാലം സമ്മാനിച്ചത്.
എന്നാൽ കാലാവസ്ഥ വ്യതിയാനം, കൃഷിയിലേക്ക് തിരിച്ചുവന്ന കർഷകരെ വീണ്ടും നിരാശയിലാക്കുകയാണ്. മഴ നീണ്ടു നിൽക്കുന്നപക്ഷം കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും ആയിരങ്ങൾ ചെലവിട്ട വയലിൽ നിന്ന് വൈക്കോൽ പോലും ലഭിക്കില്ലെന്നും കർഷകർ പറയുന്നു. അതുകൊണ്ട് കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
പൊൻകതിർ കൊയ്യാൻ കിളികൾ; കർഷകർക്ക് നിരാശ
ശ്രീകണ്ഠപുരം: പാടത്ത് പൊൻകതിർ വിരിഞ്ഞപ്പോൾ കൊയ്യാനെത്തുന്നത് കിളികൾ. നിരാശയിൽ കർഷകർ. ഒന്നാംവിള നെൽകൃഷി നടത്തിയ കർഷകർക്കാണ് കിളികളുടെയും ചില വണ്ടുകളുടെയും ശല്യം തിരിച്ചടിയാവുന്നത്. ഏറെ കഷ്ടപ്പെട്ട് നെൽകൃഷി നടത്തിയെങ്കിലും കതിർ വിരിഞ്ഞുവന്നതോടെ കൂട്ടമായെത്തുന്ന കിളികൾ കതിർ മുറിച്ചുകൊണ്ടുപോവുകയാണെന്ന് കർഷകർ പറയുന്നു.
കർഷകർ രാവിലെ മുതൽ വയലിലെത്തി പാത്രങ്ങൾ കൊട്ടിയും മറ്റും കിളികളെ തുരത്തുകയാണ്.പ്രതീക്ഷയുടെ കതിർ, പക്ഷികൾ കൊണ്ടുപോകുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണിവർ. ലോക് ഡൗൺ കാലത്ത് ഒറ്റക്കും കൂട്ടമായും ഇത്തവണ നെൽകൃഷി നടത്തിയവർ ഏറെയാണ്.കിളികളും വണ്ടുകളും വന്നതോടെയാണ് നെൽകൃഷി വിജയകരമാവില്ലെന്ന സ്ഥിതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.