പുക ശ്വസിച്ച് ഡ്രൈവർ അവശനായി, നിയന്ത്രണം വിട്ട കാർ കൈവരിയിലിടിച്ചു; രക്ഷകനായി ബസ് കണ്ടക്ടർ
text_fieldsപയ്യന്നൂർ: കാറിൽനിന്നുയർന്ന പുകശ്വസിച്ച് ഡ്രൈവർ അവശനിലയിലായതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് പാലത്തിനടുത്ത കൈവരിയിൽ ഇടിച്ചു. തക്കസമയത്ത് നാട്ടുകാർ കണ്ടതിനാൽ ദുരന്തം ഒഴിവായി. കാർ ഡ്രൈവർക്ക് രക്ഷകരായത് കെ.എസ്.ആർ.ടിസി കണ്ടക്ടറും മറ്റൊരു കാറിലെ യാത്രക്കാരായ കുടുംബവുമാണ്. വ്യാഴാഴ്ച പുലർച്ച 5.15ന് ദേശീയപാതയിൽ വെള്ളൂർ പാലത്തര പാലത്തിന് സമീപമാണ് അപകടം.
ശ്വാസതടസ്സം നേരിട്ട് അവശനിലയിലായ കാർ ഡ്രൈവർ ഉദുമ പാലക്കുന്നിലെ ചന്ദ്രനെ (42) ആദ്യം പയ്യന്നൂർ സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുലർച്ചെ കണ്ണൂർ ഭാഗത്തുനിന്നുമാണ് ചന്ദ്രൻ കാറോടിച്ചുവന്നത്. ഇതിനിടയിലാണ് വെള്ളൂർ പാലത്തര എത്തിയപ്പോൾ കാറിൽനിന്നും പുക ഉയരാൻ തുടങ്ങിയത്. ഇതോടെ ചന്ദ്രന് ശ്വാസതടസ്സം നേരിടുകയും അവശനിലയിലാവുകയും ചെയ്തപ്പോഴാണ് കാർ പാലത്തിനരികിൽ സ്ഥാപിച്ച കൈവരിയിൽ ഇടിച്ചുനിന്നത്. ഈ സമയം ചന്ദ്രൻ കാറിൽനിന്ന് പുറത്തിറങ്ങിയെങ്കിലും കൂടുതൽ അവശത അനുഭവപ്പെട്ടതോടെ കുഴഞ്ഞുവീണു.
ഈ സമയം ഇതുവഴി പോവുകയായിരുന്ന കരിവെള്ളൂർ കുതിരുമ്മൽ സ്വദേശിയായ കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഡിപ്പോയിലെ കണ്ടക്ടർ വത്സരാജാണ് സംഭവം കാണുന്നത്. കാറിൽനിന്ന് പുക ഉയരുന്നതാണ് ആദ്യം കണ്ടത്. അടുത്തെത്തിയപ്പോൾ ഒരാൾ റോഡരികിൽ അവശനിലയിൽ കിടക്കുന്നതും കണ്ടു. ഉടൻ കാർ ഡ്രൈവറെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഇതുവഴി വന്ന വാഹനങ്ങൾക്കെല്ലാം കൈ നീട്ടിയെങ്കിലും ഒരു വാഹനവും നിർത്താൻ കൂട്ടാക്കിയില്ല. ഒടുവിൽ മംഗളൂരുവിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് നിർത്തുകയും അവശനിലയിലായ ഡ്രൈവറെ ആശുപത്രിയിലെത്തിക്കാൻ തയാറാവുകയും ചെയ്തത്.
ഡാഷ് ബോക്സിനകത്തുണ്ടായ തീപിടിത്തമാണ് പുക ഉയരാൻ കാരണമായത്. തീ അണച്ചതിനാൽ കൂടുതൽ അപകടമുണ്ടായില്ല. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസും സംഭവസ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.