പ്രണയ വിവാഹത്തിലെ പക; മരുമകന്റെ അമ്മയെ വധുവിന്റെ പിതാവ് വെട്ടിയെന്ന്
text_fieldsപയ്യന്നൂർ: വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മരുമകളുടെ അച്ഛനും സുഹൃത്തും അറസ്റ്റില്‍. ഒരാള്‍ ഒളിവില്‍. പേരൂലിലെ ഇട്ടമ്മല്‍ പവിത്രന്, പെടച്ചി വീട്ടില്‍ വിനോദ് എന്നിവരെയാണ് പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്.
പേരൂല്‍ കിഴക്കേക്കരയിലെ അടുക്കാടന്‍ വീട്ടില്‍ ലീലക്കാണ് (63) വെട്ടേറ്റത്.ഇവർ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. പവിത്രന്റെ മകള്‍ ലീലയുടെ മകനെ പ്രേമിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചിരുന്നു. വീട്ടുകാരുടെ എതിർപ്പ് കാരണം ഇവർ അകന്നു താമസിച്ചു വരികയായിരുന്നു. വധൂവരന്മാർ വരന്റെ വീട്ടിലെത്തിയതിഞ്ഞ് വധുവിന്റെ പിതാവും സുഹൃത്തുക്കളുമെത്തി അക്രമിച്ചുവെന്നാണ് പരാതി.
ലീലയുടെ വീട്ടിലെത്തിയ പവിത്രനും സുഹൃത്തുക്കളും ചേര്‍ന്ന് അവരുടെ ഭര്‍ത്താവ് എ.വി. രവീന്ദ്രനെ (65) മര്‍ദിച്ചുവത്രെ. ഇതു തടയാനെത്തിയ ലീലയുടെ തലക്ക് വെട്ടുകയായിരുന്നുവെന്നാണ് പരാതി.
പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലീലയെ പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ ഒരാളെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ ഭാര്യാമാതാവിനെ ആക്രമിച്ചുവെന്ന പരാതിയിൽ ലീലയുടെ മകനെതിരെയും കേസെടുത്തു. മാതമംഗലം പേരൂലിലെ അടുക്കാടന്‍ വീട്ടില്‍ കുട്ടാപ്പിയുടെ (36) പേരിലാണ് പെരിങ്ങോം പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച ഉച്ചക്ക് 12 നായിരുന്നു സംഭവം.
പേരൂലിലെ എ. സിന്ധുവിന്റെ (41) പരാതിയിലാണ് കേസ്. വീട്ടില്‍ വടിയുമായി അതിക്രമിച്ചുകടന്ന കുട്ടാപ്പി സിന്ധുവിനെ ആക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.