മൊഞ്ചിന്റെ മൈലാഞ്ചി മണം
text_fieldsപയ്യന്നൂർ: ‘സത്യജമാലിന്റെ നിക്കാഹിൻ രാവിലായ് ബസ്മല പുകളോതലായ് ആദര പൂവും കമാലിതിയായ്....’ സദസ്സിൽ ആളനക്കം കൂട്ടി ഒപ്പന കളർഫുളായി. മൊഞ്ചത്തിമാരും മോഹിനിമാരും പയ്യന്നൂരിന്റെ മണ്ണിൽ ചിലങ്കയണിഞ്ഞ് നടന്നു. ചെണ്ടമേളവും തായമ്പകയും കാതും മനസ്സും നിറച്ചു. ഈണത്തിൽ ചുവടുവെച്ച നാടോടി നൃത്തത്തിനൊപ്പം നിറഞ്ഞ സദസ്സും താളം പിടിച്ചു. ഭരതനാട്യ വേദികൾ തേടി ആസ്വാദകരലഞ്ഞു. കലോത്സവത്തിന്റെ രണ്ടാം നാളായ ബുധനാഴ്ചയും വേദികൾ നിറഞ്ഞു തന്നെയിരുന്നു. യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി ഒപ്പന വേദിയായ സെന്റ് മേരീസ് ഹൈസ്കൂൾ മൈതാനം തേടിയെത്തിയ കലാസ്വാദകർ രാവിലെത്തന്നെ കസേരകൾ നിറച്ചു. നിറഞ്ഞ സദസ്സിൽ മനസ്സുനിറഞ്ഞ കൈയടികളോടെയാണ് ഓരോ ഒപ്പനയും മണവാട്ടിക്കൊപ്പം വേദിവിട്ടത്. സമയക്രമം പാലിക്കാത്തതിനാൽ ചമയവും അടയാഭരണങ്ങളും അണിഞ്ഞ് മണിക്കൂറുകളോളം ആണ് വിദ്യാർഥികൾക്ക് കാത്തുനിൽക്കേണ്ടി വന്നത്.
ഗ്ലാമർ ഇനങ്ങളായ നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയവ നിലക്കാത്ത താളവും പിഴക്കാത്ത ചുവടുകളുമായി ആകപ്പാടെ കളർഫുൾ ആയി. വേറിട്ട കഥകളുമായി കഥാപ്രസംഗ വേദികൾ ചൂടുപിടിച്ചു. വെയിൽ വകവെക്കാതെയാണ് പയ്യന്നൂരിന്റെ ചരിത്ര മണ്ണിൽ വിരുന്നെത്തിയ കൗമാരകലയെ വരവേൽക്കാൻ ജനമെത്തിയത്. അതിനി മൂന്നുദിവസവും ആവർത്തിക്കും.
‘ഹംദായ് മൊളിയുന്നേ, അൽഹംദുലില്ലാഹി...അൽഹംദുലില്ലാഹി...’ രാത്രി വൈകിയും വേദിയിൽ ഹയർസെക്കൻഡറി വിഭാഗം ഒപ്പന തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.