വന്നു മഴക്കാലം; ഉറക്കം കെടുത്തി കവർച്ചക്കാരും
text_fieldsപല കവർച്ചകളിലും തുമ്പുണ്ടാക്കാൻ പൊലീസിന് സാധിക്കാത്തത് മോഷ്ടാക്കൾക്ക് തുണയാകുന്നു
പയ്യന്നൂർ: ഏതാനും മാസങ്ങളുടെ ഇടവേളക്കുശേഷം വീട് കുത്തിത്തുറന്ന് 75 പവൻ കവർച്ച നടത്തിയ സംഭവം പയ്യന്നൂരിനെ ഭീതിയിലാക്കി. നിരവധി കവർച്ച പരമ്പരക്ക് സാക്ഷ്യം വഹിച്ച പയ്യന്നൂരിൽ വീണ്ടുമുണ്ടായ തസ്കരവിളയാട്ടം നഗരത്തിന്റെ ഉറക്കം കെടുത്തുകയാണ്. മഴക്കാലം വരവായതോടെയാണ് കവർച്ചക്കാരും സജീവമായത്. മുൻവർഷങ്ങളില്ലൊം മഴക്കാലത്ത് പയ്യന്നൂരിൽ ചെറുതും വലുതുമായ നിരവധി കവർച്ച പരമ്പരയാണ് അരങ്ങേറിയത്. എന്നാൽ, വീട് കുത്തിത്തുറന്ന് 75 പവൻ കവർന്ന സംഭവം അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ മോഷണമാണ്. വർഷങ്ങൾക്കുമുമ്പ് എൻ.സി.സി റോഡിലെ വീട്ടിലാണ് സമാനമായ കവർച്ച അരങ്ങേറിയത്.
പെരുമ്പയിൽ കവർച്ച നടക്കുമ്പോൾ വീട്ടിലെ സ്ത്രീകൾ മുകളിലത്തെ നിലയിൽ ഉറങ്ങുന്നുണ്ടായിരുന്നു. അവർ ഉറക്കമുണരാത്തതിനാലാണ് വൻദുരന്തം വഴിമാറിയതെന്ന് നാട്ടുകാർ പറയുന്നു. മെയിൻ റോഡിൽ നിന്നും ടൗണിൽ നിന്നും അധികം അകലെയല്ലാത്ത വീട്ടിലാണ് നാടിനെ നടുക്കിയ കവർച്ച അരങ്ങേറിയതെന്നത് ഗൗരവമുള്ളതാണ്. മാസങ്ങൾക്കുമുമ്പ് നഗരമധ്യത്തിലെ നാലോളം കടകളിലും തായിനേരിയിൽ വീട്ടിലും കവർച്ച നടന്ന സംഭവത്തിന് ശേഷമാണ് പയ്യന്നൂരിൽ വീണ്ടും കള്ളന്മാർ ഭീതി വിതക്കുന്നത്. ഏറെ ആസൂത്രിതമായാണ് പെരുമ്പയിലെ കവർച്ചയെന്ന് സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നു. അകത്തെ അലമാരകൾ തുറന്ന് പുറത്തു കൊണ്ടുവന്ന ശേഷം സ്വർണം മാത്രം എടുത്ത് ബാങ്ക് പാസ് ബുക്ക് ഉൾപ്പെടെയുള്ളവ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തൊട്ടടുത്ത വീടുകളിലെ നിരീക്ഷണ കാമറയിൽ പെടാതിരിക്കാനുള്ള കരുതൽ കൂടി മോഷ്ടാക്കൾ നടത്തി.
പല കവർച്ചകളിലും തുമ്പുണ്ടാക്കാൻ പൊലീസിന് സാധിക്കാത്തത് തസ്കരന്മാർക്ക് ഇന്ധനമാവുകയാണന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മഴക്കാലമായതോടെ കൂടുതൽ കരുതൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. രാത്രികാല പട്രോളിങ് ശക്തമാക്കുകയും ഫലപ്രദമായ അന്വേഷണത്തിലൂടെ മോഷ്ടാക്കളെ നിയമത്തിന്റെ മുന്നിലെത്തിക്കുകയും ചെയ്യാൻ പൊലീസ് തയാറാവണം. അല്ലാത്തപക്ഷം നാട്ടുകാർക്ക് ഉറക്കമില്ലാത്ത രാവുകളായിരിക്കും വരാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.