വീണ്ടും ഭണ്ഡാരം കവർച്ച; കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി പയ്യന്നൂർ
text_fieldsപയ്യന്നൂർ: കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി പയ്യന്നൂരും പരിസരങ്ങളും. വീടുകളും ക്ഷേത്ര ഭണ്ഡാരങ്ങളും കടകളും കുത്തിത്തുറന്ന് കവർച്ച പതിവാവുന്നു. ഇടവേളക്കുശേഷം മഴക്കാലമായതോടെയാണ് കള്ളന്മാർ സജീവമായത്. രാമന്തളിയിൽ കവർച്ച തുടർക്കഥയായി.
ഏതാനും ദിവസം മുമ്പുവരെ വീടുകളിൽ, പ്രത്യേകിച്ച് പൂട്ടിയിട്ട വീടുകളിലാണ് കവർച്ച അരങ്ങേറിയതെങ്കിൽ ഇപ്പോൾ ക്ഷേത്ര ഭണ്ഡാരങ്ങൾക്കാണ് രക്ഷയില്ലാതായത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം രാമന്തളി താവൂരിയാട്ട് ക്ഷേത്ര ഭണ്ഡാരമാണ് കവർച്ചക്കിരയായത്.
ഇതിന് തൊട്ടുമുമ്പ് രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ഭണ്ഡാരവും ശങ്കരനാരായണ ക്ഷേത്രത്തിന് സമീപമുള്ള തിരുവമ്പാടി ക്ഷേത്രഭണ്ഡാരവുമാണ് കുത്തിപ്പൊളിച്ച് കവർന്നത്. താവൂരിയാട്ട് ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് പണമെടുത്ത ശേഷം പൂട്ട് അതുപോലെ ഭണ്ഡാരത്തിൽ വെച്ച നിലയിലാണ്.
വെള്ളിയാഴ്ചയാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. രാമന്തളിയിലെ മൂന്ന് ക്ഷേത്ര ഭണ്ഡാരങ്ങൾ ഒരുദിവസമാണ് തുറന്നതെന്ന അനുമാനത്തിലാണ് പൊലീസ്. അടുത്തിടെ രാമന്തളിയിൽ പൂട്ടിയിട്ട വീടുകൾ ഉൾപ്പെടെ എട്ട് സ്ഥലങ്ങളിൽ കവർച്ച നടന്നതായി നാട്ടുകാർ പറയുന്നു.
കരിവെള്ളൂർ പെരളം റോഡിൽ വെരീക്കര ഭഗവതി ക്ഷേത്ര ഭണ്ഡാരവും കവർച്ചക്കിരയായത് കഴിഞ്ഞദിവസമാണ്. ക്ഷേത്ര മുറ്റത്തെ ഭണ്ഡാരമാണ് കുത്തിപ്പൊളിച്ച് പണം കവർന്നത്. കാലവർഷം ആരംഭിച്ചതോടെ പയ്യന്നൂരും പരിസരങ്ങളിലും മോഷ്ടാക്കളുടെ ശല്യം വർധിച്ചത് നാടിന്റെ ഉറക്കം കെടുത്തുകയാണ്.
പെരുമ്പയിൽ വീട്ടുകാർ മുകളിലത്തെ നിലയിൽ ഉറങ്ങിക്കിടക്കവേ താഴത്തെ നിലയിൽ വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച് അകത്ത് ഷെൽഫിൽ സൂക്ഷിച്ചിരുന്ന 40 പവൻ സ്വർണാഭരണങ്ങളും 4000 രൂപയും കവർന്ന സംഭവത്തിൽ ഇതുവരെയും മോഷ്ടാവിനെ പിടികൂടാനായില്ല.
കഴിഞ്ഞ മേയ് 21ന് രാത്രിയാണ് പെരുമ്പ ആമ്പിലേരിക്കു സമീപം വി.പി. ആമു, സി.എച്ച്. സുഹറ ദമ്പതികളുടെ വീട്ടിൽ കവർച്ച നടന്നത്. രണ്ടാഴ്ച മുമ്പ് മാതമംഗലം പാണപ്പുഴ റോഡിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 23 പവനും ഡയമണ്ടും കവർന്നു. പുലർച്ച നാലിനാണ് ഇവിടെ കവർച്ച നടന്നത്. ഈ കേസിലും പ്രതിയെ നിയമത്തിന്റെ മുമ്പിലെത്തിക്കാനായില്ല. നിരീക്ഷണ കാമറകളിൽ പ്രതികളുടെ രൂപം പതിഞ്ഞുവെങ്കിലും ഇതു പരിശോധിച്ചുള്ള ശാസ്ത്രീയ അന്വേഷണവും ഫലപ്രദമായില്ല.
പെരുമ്പ കവർച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായി പയ്യന്നൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം സ്ക്വാഡ് അന്തർ സംസ്ഥാന മോഷ്ടാവ് മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി അഷറഫലിയെ പിടികൂടി ചോദ്യം ചെയ്തുവെങ്കിലും പെരുമ്പയിലെ കേസിൽ ഇയാളുടെ ബന്ധത്തിന് തെളിവില്ല.
എന്നാൽ, മഞ്ചേശ്വരം, കുമ്പള തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കവർച്ച കേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുമ്പള പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.