പയ്യന്നൂരിലെ കവർച്ച; അന്വേഷണം ഊർജിതം
text_fieldsപയ്യന്നൂർ: പെരുമ്പയിൽ വീട്ടുകാർ ഉറങ്ങികിടക്കവേ വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് അകത്ത് മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും 4000 രൂപയും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പയ്യന്നൂർ ഡി.വൈ.എസ്.പി എ. ഉമേഷ്. സംഭവത്തിൽ ശാസ്ത്രീയ തെളിവെടുപ്പുകൾ പൂർത്തിയായതായും നിർണായക വിവരങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, നഷ്ടപ്പെട്ടതായി കരുതിയ 36 പവൻ വീട്ടിൽ നിന്ന് ലഭിച്ചു. വീട്ടിലുള്ളവർ മറ്റൊരിടത്ത് സൂക്ഷിച്ചതാണ് കണ്ടെടുത്തത്. ഇതോടെ 40 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. നേരത്തെ ഇതുൾപ്പെടെ 76 പവൻ നഷ്ടപ്പെട്ടതായാണ് പരാതി ഉണ്ടായിരുന്നത്. വേറെ മാറ്റിവെച്ചതിനാലാണ് 36 പവൻ നഷ്ടപ്പെടാതിരുന്നത്.
അന്വേഷണത്തിന് പ്രത്യേക സംഘം
അന്വേഷണത്തിന് പൊലീസ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു. ഡിവൈ.എസ്.പി ഉമേഷിന്റെ മേൽനോട്ടത്തിൽ സി.ഐ സ്റ്റീഫൻ ജോസഫ്, എസ്.ഐ എം.കെ. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. വാതിൽ തകർക്കാനുപയോഗിച്ച കമ്പിപ്പാര, കത്തി വാൾ തുടങ്ങിയ തൊണ്ടി മുതൽ സംഭവസ്ഥലത്തുനിന്നുതന്നെ കണ്ടെത്തിയിരുന്നു. ഇത് നിർണായക തെളിവാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനു പുറമെ ബാങ്ക് പാസ് ബുക്ക് ഉൾപ്പെടെയുള്ള രേഖകളും ഉപേക്ഷിച്ചിരുന്നു.
ശാസ്ത്രീയ അന്വേഷണവുമായി പൊലീസ്
ശാസ്ത്രീയമായ അന്വേഷണം ഉൾപ്പെടെ നടത്തി മോഷ്ടാക്കളെ വലയിലാക്കാനാവുമെന്നാണ് പൊലീസ് കരുതുന്നത്. പ്രദേശത്തെയും പാതയോരത്തെയും നിരീക്ഷണ കാമറകൾ പരിശോധിക്കും. സംശയം തോന്നുന്ന വാഹനങ്ങൾ ഉൾപ്പെടെ കണ്ടെത്തി തെളിവുകൾ ശേഖരിക്കും. ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്തിയ തെളിവുകൾ പ്രതികളിലേക്കെത്താൽ സഹായകമാവുമെന്നും പൊലീസ് കരുതുന്നു.
പെരുമ്പയിൽ നടന്നത് ഭീതിവിതച്ച ഭവനഭേദനം
പെരുമ്പ ജുമാമസ്ജിദിന് സമീപത്തെ സി.എച്ച്. സുഹറയുടെ വീട്ടിൽ നടന്ന കവർച്ച നാടിനെ ഭീതിയിലാക്കിയ സംഭവം. തിങ്കളാഴ്ച രാത്രിയിലാണ് കവർച്ച നടന്നത്. ഭാഗ്യംകൊണ്ടാണ് വീട്ടുകാർ രക്ഷപ്പെട്ടത്. മുറിയിൽനിന്ന് കത്തി വാൾ കണ്ടെത്തിയത് മോഷ്ടാക്കൾ അക്രമ സ്വഭാവമുള്ളവർ കൂടിയാണെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചൊവ്വാഴ്ച രാവിലെ ഉറക്കമുണർന്ന വീട്ടുകാരാണ് മുൻ വശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. അകത്തെ രണ്ട് മുറികളിലെ അലമാരകൾ തുറന്ന നിലയിലായിരുന്നു. അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലായിരുന്നു. സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലായിരുന്നു. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാഗുകളും ബാങ്ക് പാസ് ബുക്കും മറ്റ് രേഖകളും വീട്ടുപറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സുഹറയും ഭർത്താവ് ആമുവും ചികിത്സാർത്ഥം പരിയാരം മെഡിക്കൽ കോളജിലായിരുന്നു. അടുത്തിടെ ഗൾഫിൽ നിന്നെത്തിയ ഇവരുടെ മകളായ സാജിതയും ഗൾഫിലുള്ള മകൻ റഫീഖിന്റെ മക്കളുമാണ് കവർച്ച നടന്ന തിങ്കളാഴ്ച രാത്രി വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വീടിന്റെ മുകളിലെ മുറിയിലാണ് ഉറങ്ങിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.