പട്ടാപ്പകല്‍ കവര്‍ച്ച; മോഷ്ടാവുമായി തെളിവെടുപ്പ്
text_fieldsപയ്യന്നൂര്‍: പട്ടാപ്പകല്‍ കരിവെള്ളൂർ പൂത്തൂരിലെ വീട്ടിൽ കവര്‍ച്ച നടത്തിയ കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഗാർഡന്വളപ്പില് പി.എച്ച്. ആസിഫിനെ (23) യാണ് തെളിവെടുപ്പിനായി പയ്യന്നൂർ പൊലീസ് കോടതി ഉത്തരവുപ്രകാരം കസ്റ്റഡിയില്‍ വാങ്ങിയത്. വിൽപന നടത്തിയ മോഷണമുതലിൽ ഒരു ഭാഗം സ്വർണാഭരണങ്ങൾ കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിൽ നിന്ന് പൊലീസ് കണ്ടെത്തി.
കൂടുതൽ ആഭരണങ്ങളും കണ്ണൂരിലെ ജ്വല്ലറികളിലാണ് വിൽപന നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് കരിവെള്ളൂര്‍ പെരളം വട്ടപ്പൊയിലിലെ പ്രവാസിയായ ടി.പി. ശ്രീകാന്തിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.
ശ്രീകാന്തിന്റെ അധ്യാപികയായ ഭാര്യ ഷീജ സ്കൂള്‍വിട്ട് വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്തതായി കണ്ടത്. 21 പവന്റെ സ്വര്‍ണാഭരണങ്ങളും 4500 രൂപയുമാണ് ഇവിടെനിന്ന് കവര്‍ന്നത്. ഡിസംബര്‍ 20ന് ഉച്ചകഴിഞ്ഞ് രണ്ടരക്കും മൂന്നരക്കുമിടയില് പയ്യന്നൂർ ടൗണിലെ വ്യാപാരി കുരിക്കളകത്ത് അബ്ദുൽ സമദിന്റെ കൊറ്റി റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ വീട്ടില്‍ കവര്‍ച്ച നടത്തിയതും ഇയാളാണെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 3,57,500 രൂപയാണ് വീടിന്റെ കിടപ്പുമുറിയിലെ അലമാരയില്‍നിന്നും മോഷ്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.