സെർവർ പണിമുടക്കിൽ; പയ്യന്നൂർ എഫ്.സി.ഐയിൽ ചരക്കുനീക്കം പരിധിക്കുപുറത്ത്
text_fieldsപയ്യന്നൂർ: എഫ്.സി.ഐ ഗോഡൗണിൽ കമ്പ്യൂട്ടർ പണിമുടക്കുന്നത് പതിവായതോടെ ചരക്കുനീക്കം പ്രതിസന്ധിയിലായി. നെറ്റ്വർക്ക്, സെർവർ പ്രശ്നങ്ങളാണ് വാഹന ഉടമകളെയും ജീവനക്കാരെയും ദുരിതത്തിലാക്കുന്നത്.
എഫ്.സി.ഐയിലെ തൊഴിലിനെമാത്രം ആശ്രയിച്ചുകഴിയുന്ന 48ഓളം ലോറികളും ഇതിലെ ജീവനക്കാരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. പ്രശ്നം റേഷൻ കടകളിലേക്കുൾപ്പെടെയുള്ള ചരക്കുനീക്കത്തെ സാരമായി ബാധിക്കുന്നു. രാവിലെ ഒമ്പതുമുതൽ ലോഡിനായി കാത്തുനിൽക്കുന്ന ലോറികളും ഡ്രൈവർമാരും മിക്ക ദിവസങ്ങളിലും വൈകീട്ടുവരെ ഗോഡൗണിൽ കാത്തിരിക്കേണ്ടിവരുന്നു. പല ദിവസങ്ങളിലും കയറ്റിയ ലോഡുകൾ സമയം വൈകുന്നതിനാൽ ഇറക്കിക്കിട്ടാതെ ഗോഡൗണുകളിലേക്കു തിരിച്ചുവരേണ്ടിവരുകയും ചെയ്യുന്നു. ഇതുമൂലം അടുത്ത ദിവസം ലോഡിറക്കുന്നതിനാൽ ഒരുദിവസത്തെ തൊഴിൽ നഷ്ടപ്പെടുന്നു.
ഇതുകൂടാതെ അർഹതപ്പെട്ട ലോഡുകൾ എടുക്കാൻ കഴിയാതെ പുറമെനിന്നും ലോറികൾ വിളിച്ചു ലോഡുകളെടുത്ത് അയക്കുകയാണെന്ന് ലോറി ഓപറേറ്റേഴ്സ് അസോസിയേഷൻ നേതാക്കൾ പറയുന്നു. ഇതോടെ സ്ഥിരമായി ലഭിക്കേണ്ട നിരവധി ലോഡുകൾ എഫ്.സി.ഐയെ മാത്രം ആശ്രയിച്ചുകഴിയുന്ന പയ്യന്നൂരിലെ ലോറികൾക്ക് നഷ്ടപ്പെടുകയാണ്. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽപെട്ട അരി മാർച്ച് മാസം വരെ നീട്ടിയതിനാൽ ഉണ്ടാവുന്ന അധിക ജോലിയാണ് ഈ മേഖലയിലെ ലോറികളുടെ പ്രതീക്ഷ. സെർവർ തകരാറുകാരണം ഇതെല്ലാം നഷ്ടപ്പെടുകയാണ്. മാസങ്ങളായി സെർവർ തകരാറുകൾ പരിഹരിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് അസോസിയേഷൻ ടി.ഐ. മധുസൂദനൻ എം.എൽ.എക്കും രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കും നിവേദനം നൽകിയിട്ടുണ്ട്.
അടിയന്തരമായി ഇന്റർനെറ്റ്, സെർവർ പ്രശ്നങ്ങൾ പരിഹരിക്കുകയും ഭക്ഷ്യധാന്യങ്ങളുടെ ലോഡിങ് സമയം ഉച്ച മൂന്നുവരെയാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് ലഭിക്കേണ്ട റേഷൻ വിതരണം തടസ്സപ്പെടാനും കാലതാമസം നേരിടാനും വിഷയം ഇടവരുത്തുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കാലപ്പഴക്കംകൊണ്ട് വേബ്രിഡ്ജ് പണിമുടക്കുന്നതും പതിവാകുകയാണ്. പുതിയ ബ്രിഡ്ജ് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥാപിക്കുന്നതിനുള്ള നടപടി ഇതുവരെയും കൈക്കൊണ്ടിട്ടില്ല. ഗോഡൗണിലെ ഉൾപ്പെടെ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം അവഗണിക്കുന്നതായും ലോറി ഓപറേറ്റഴ്സ് അസോസിയേഷൻ നേതാക്കളായ കെ. ബാലചന്ദ്രൻ, ടി. ചന്ദ്രൻ, യു. പത്മനാഭൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.