മലിനജലം പുറത്തേക്ക്; പന്നിഫാം പൂട്ടിച്ചു
text_fieldsപയ്യന്നൂർ: മലിനജലമൊഴുകി ജനജീവിതം ദുസ്സഹമായ പന്നിഫാം പഞ്ചായത്ത് അധികൃതരെത്തി പൂട്ടിച്ചു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ പൊള്ളാളത്തെ ഭൂദാനം കോളനിയിൽ നടത്തുന്ന പന്നി ഫാമാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പൂട്ടിച്ചത്. പ്രദേശത്ത് സ്വകാര്യവ്യക്തി നടത്തുന്ന ഫാമിലെ മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടുന്നതായാണ് പരാതി. പൊതുയിടങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നത് രോഗഭീതി പരത്തുന്നതായി നാട്ടുകാർ പറയുന്നു. വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഫാമിലെ മലിനജലമാണ് ശാസ്ത്രീയമായി ശുദ്ധീകരിക്കാതെ പുറത്തേക്ക് ഒഴുക്കിവിടുന്നത്. ദുർഗന്ധം കാരണം ഇതുവഴി കാൽനട പോലും അസാധ്യമായ അവസ്ഥയാണെന്ന് പരിസരവാസികൾ പറയുന്നു.
ഇതിനുപുറമെ മലിനജലം ഒഴുകിയെത്തുന്നത്, ജനങ്ങൾ കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന കള്ളക്കാംതോടിലാണ്. ഇതും ദുരിതം ഇരട്ടിക്കാൻ കാരണമായി. പ്രദേശവാസികൾ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ടി. സുലജ, ഹെൽത്ത് ഇൻസ്പെക്ടർ പി.ഇ. വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഫാമിലെത്തി പരിശോധന നടത്തി ജനങ്ങൾ അനുഭവിക്കുന്ന ദുരിതകാഴ്ചകൾ നേരിൽക്കണ്ടു. തുടർന്നാണ് ഫാം പ്രവർത്തനം നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്.
രണ്ട് ദിവസത്തിനകം ഇവ ശുചീകരിക്കാൻ ഉടമക്ക് നിർദേശം നൽകുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി. സുലജ, ഹെൽത്ത് ഇൻസ്പെക്ടർ പി.ഇ. വിജയൻ, പഞ്ചായത്ത് അംഗങ്ങളായ ടി.വി. സുധാകരൻ, എം. കാർത്യായനി, പഞ്ചായത്ത് ജീവനക്കാരായ സി.കെ. സജുലാൽ, സി. ജയേഷ് എന്നിവർക്കൊപ്പം നാട്ടുകാരും സംഭവസ്ഥലത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.