പയ്യന്നൂർ കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം; മൂന്നു വിദ്യാർഥികൾക്ക് പരിക്ക്
text_fieldsപയ്യന്നൂർ: പയ്യന്നൂർ കോളജിൽ എസ്.എഫ്.ഐ, കെ.എസ്.യു സംഘർഷം. സംഭവത്തിൽ രണ്ട് കെ.എസ്.യു പ്രവർത്തകർക്കും ഒരു എസ്.എഫ്.ഐ പ്രവർത്തകനും പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. പരിക്കേറ്റ കെ.എസ്.യു പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡൻറ് കോറോത്തെ ആകാശ് ഭാസ്കരൻ (22), കോളജ് യൂനിറ്റ് പ്രസിഡൻറ് തളിപ്പറമ്പ് ഓണപ്പറമ്പിലെ ഷഹനാദ് (20) എന്നിവരെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റിയംഗം അലൻ മാത്യുവിനെ (21) പയ്യന്നൂർ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യുവിെൻറ നേതൃത്വത്തിൽ പയ്യന്നൂർ കോളജിൽ പഠിപ്പുമുടക്കി പ്രകടനം നടത്തി. കോളജിൽ പുതുതായി ചുമതലയേറ്റ പ്രിൻസിപ്പലിനെ കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ ഓഫിസിലെത്തി അനുമോദിച്ചിരുന്നു. ഇതിനുശേഷം പുറത്തിറങ്ങി തിരിച്ചുപോകുന്നതിനിടെ ഒരു പ്രകോപനവുമില്ലാതെ എസ്.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതായി കെ.എസ്.യു നേതാക്കൾ കുറ്റപ്പെടുത്തി.
കൊടിതോരണങ്ങൾ നശിപ്പിച്ചതായും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം കെ.എസ്.യു നേതൃത്വത്തിൽ കോളജ് കോമ്പൗണ്ടിൽ കൊടിമരം സ്ഥാപിക്കുകയും മെംബർഷിപ് കാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അതേസമയം, കോളജ് കാമ്പസിൽ എസ്.എഫ്.ഐ പ്രവർത്തകരെ കെ.എസ്.യു പ്രവർത്തകർ അകാരണമായി മർദിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
മണ്ഡലം പ്രസിഡൻറിെൻറ നേതൃത്വത്തിലുള്ള സംഘം കല്ലും വടികളും ഉപയോഗിച്ച് അക്രമം നടത്തിയതായാണ് പരാതി. എസ്.എഫ്.ഐ പയ്യന്നൂർ കോളജ് യൂനിറ്റ് കമ്മിറ്റിയംഗം അലൻ മാത്യുവിനും പ്രവർത്തകർക്കും നേരെ നടത്തിയ ആക്രമണത്തിൽ എസ്.എഫ്.ഐ പയ്യന്നൂർ ഏരിയ സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.