ദേശീയപാതക്ക് മണ്ണിട്ടു; അലക്യം തോട് ഇനി എവിടെ ഒഴുകും?
text_fieldsപയ്യന്നൂർ: കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തോട് ദേശീയപാത വികസനത്തിന് മണ്ണിട്ട് നികത്തിയത് പരിസരവാസികളെ ആശങ്കയിലാക്കുന്നു. കടന്നപ്പള്ളി-പാണപ്പുഴ, ചെറുതാഴം, പരിയാരം പഞ്ചായത്തുകൾക്ക് അതിരിട്ടൊഴുകുന്ന ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള അലക്യം തോടാണ് അര കിലോമീറ്ററിലധികം നികത്തിയത്.
അലക്യം പാലം മുതൽ പയ്യന്നൂർ ഭാഗത്തേക്കുള്ള തോടിന്റെ ഭാഗമാണ് നികത്തിയത്. ഈ ഭാഗത്ത് പൂർണമായും പാത തോട്ടിലൂടെയാണ് കടന്നുപോകുന്നത്. പ്രധാന പാതയും സർവിസ് റോഡും കഴിച്ച് ഒരുഭാഗത്ത് തോട് പുതുതായി ഉണ്ടാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ തോട് പുനർനിർമിച്ചിട്ടില്ല. വേനൽക്കാലമായതിനാൽ ചെറിയ തോതിൽ മാത്രമാണ് നികത്തുമ്പോൾ വെള്ളമുണ്ടായിരുന്നത്. മഴക്കാലമായാൽ തോട് നിറഞ്ഞൊഴുകുക പതിവാണ്. ദേശീയ പാതയിലേക്ക് വെള്ളം കയറി ഗതാഗതം കടന്നപ്പള്ളി വഴി തിരിച്ചുവിട്ട ചരിത്രവും ഉണ്ട്. ഏമ്പേറ്റിലെ പുതിയ കണ്ടംവയലിൽ നിന്നുൽഭവിച്ച് പരിയാരം, ചെറുതാഴം വിളയാങ്കോട് വഴി കടന്നപ്പള്ളി വില്ലേജിലൂടെ വണ്ണാത്തിപ്പുഴയിൽ ചേരുന്ന തോട് നിരവധി ഗ്രാമങ്ങളുടെ ജലസമ്പത്തിനെ നിർണായകമായി സ്വാധീനിക്കുന്നുണ്ട്. കാർഷിക മേഖലക്കും തോട് ആശ്രയമാണ്. ഈ തോടാണ് പകരം സംവിധാനമേർപ്പെടുത്താതെ നികത്തുന്നത്. മഴക്കാലത്തെ തോട്ടിലെ വെള്ളമൊഴുക്ക് അറിയാത്ത ഉദ്യോഗസ്ഥർ വിഷയം ലാഘവമായി കൈകാര്യം ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു. തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുന്ന പക്ഷം തീരങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്യും. കണ്ണൂർ ഗവ. ആയുർവേദ കോളജ്, മെഡിക്കൽ കോളജ്, ഉറുസുലിൻ സ്കൂൾ എന്നീ സ്ഥാപനങ്ങളിലേക്കുള്ള യാത്ര കൂടിയായിരിക്കും തടസ്സപ്പെടുക.
ജില്ലയിൽ ദേശീയപാത വികസനം ത്വരിതഗതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും പരിയാരത്തെ വികസനം അനിശ്ചിതത്വത്തിലാണ്. അലക്യം പാലം മുതൽ മെഡിക്കൽ കോളജ് വരെയുള്ള സ്ഥലത്ത് കാൽഭാഗം പോലും പ്രവൃത്തി നടന്നിട്ടില്ല. പാലത്തിന്റെ കൈവരി പൊളിക്കുകയും തോട് നികത്തുകയും ചെയ്തതു മാത്രമാണ് നടപ്പായത്.
നിലവിലുള്ള പാത ഉൾപ്പെടുത്തി നാലുവരിയാക്കാനാണ് ആദ്യം സർവെ നടത്തി തീരുമാനിച്ചിരുന്നത്. ഇതു നടപ്പാക്കുമ്പോൾ ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള അലക്യം തോട് പൂർണമായും ഇല്ലാതാവും. നൂറുകണക്കിന് അപൂർവ്വ തണൽ മരങ്ങളും മുറിക്കേണ്ടി വരും. അന്നത്തെ എം.എൽ.എ ടി.വി. രാജേഷും ജില്ല കലക്ടറും ഇടപെട്ടതിനെ തുടർന്നാണ് അലൈൻമെന്റ് മാറ്റാൻ തീരുമാനിയത്.
ആയുർവേദ കോളജിനു മുന്നിൽ അലക്യം പാലം മുതൽ പരിയാരം ഔഷധി വരെയുള്ള സ്ഥലത്തുകൂടി പുതിയ പാതയുണ്ടാക്കാനാണ് പിന്നീട് തീരുമാനിച്ചത്. ഈ സ്ഥലം സർക്കാർ ഉടമസ്ഥതയിലാണ്. ഈ ഭാഗത്തെ പ്രവൃത്തിയാണ് ഇഴയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.