റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കലിന് സ്റ്റേ: അഭിഭാഷകന്റെ വാഹനങ്ങൾ തകർത്തു
text_fieldsപയ്യന്നൂര്‍: കോറോം മുതിയലത്ത് വീട്ടില്‍ നിര്‍ത്തിയിട്ട കാറും സ്കൂട്ടറും ബൈക്കും അടിച്ചു തകര്‍ത്തു. ഹൈകോടതി അഭിഭാഷകന് മുതിയലത്തെ മുരളി പള്ളത്തിന്റെ വാഹനങ്ങള്‍ക്ക് നേരെയാണ് അർധരാത്രിയോടെ ആക്രമണം നടന്നത്. തിങ്കളാഴ്ച പുലർച്ചെ 1.30ഓടെ വീട്ടുകാർ ശബ്ദം കേട്ടുണർന്നപ്പോഴാണ് വാഹനങ്ങൾ തല്ലിത്തകർത്തയായി കണ്ടത്.
കാറും സ്കൂട്ടറും ബൈക്കും ആക്രമികൾ തകർത്തു. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പൊലീസ് രാത്രിയിൽ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. പയ്യന്നൂർ കാനായി മാതമംഗലം റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
ജനകീയ കമ്മിറ്റി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുരളി പള്ളത്തുൾപ്പടെ അമ്പതോളം പേർ വിവിധ കോടതികളെ സമീപിച്ചിരുന്നു. ഭൂമി എറ്റെടുക്കൽ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നിലനിൽക്കെ ഇദ്ദേഹത്തിന്റേതുൾപ്പെടെ പലരുടെയും വീട്ടുമതിൽ കഴിഞ്ഞ ദിവസങ്ങളിൽ ചിലർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്തതായും പരാതിയുണ്ട്.
പ്രദേശത്തെ വാട്സ് ആപ് ഗ്രൂപ്പുകളിലുൾപ്പെടെ ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരെ ഒറ്റപ്പെടുത്തണമെന്ന പ്രചാരണമുണ്ടായിരുന്നു. ഇതിന് തുടർച്ചയായാണ് മുരളി പള്ളത്തിന്റെ വാഹനങ്ങൾ തകർത്തത്. കോൺഗ്രസ് അഭിഭാഷക സംഘടന നേതാവാണ് അഡ്വ. മുരളി പള്ളത്ത്.
അതിനിടെ വാഹനങ്ങൾ തകർത്തതുമായി ബന്ധപ്പെട്ട് ആറോളം പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. പി. ഗംഗാധരൻ, പി. രവീന്ദ്രൻ, പ്രസന്നൻ, രാഹുൽ, കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.