അവർ മടങ്ങി; അധ്യാപകൻ നൽകിയ സ്വന്തം ചിത്രങ്ങളുമായി
text_fieldsപയ്യന്നൂർ: ഹൃദയത്തിൽ പതിഞ്ഞ പ്രിയശിഷ്യരുടെ മുഖങ്ങൾ പേനക്കുത്തുകൾകൊണ്ട് അടയാളപ്പെടുത്തി കാത്തിരിക്കുകയായിരുന്നു സുരേഷ് മാഷ്.
പത്താംതരത്തിലെ ക്ലാസ് കഴിഞ്ഞ് അവർ മടങ്ങുമ്പോൾ ശിഷ്യരുടെ മുഖങ്ങൾ വരച്ചുനൽകാനായതിെൻറ സന്തോഷത്തിലാണ് ഈ അധ്യാപകൻ.
കണ്ടങ്കാളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകനാണ് കലാകാരൻകൂടിയായ സുരേഷ് അന്നൂർ.10 സിയിലെ ക്ലാസ് മാസ്റ്ററായ സുരേഷ് ക്ലാസിലെ 35 വിദ്യാർഥികളുടെ മുഖങ്ങളും പേനക്കുത്തിലൂടെ കോറിയിട്ടു. ഈ ചിത്രങ്ങളാണ് കുട്ടികളുടെ യാത്രയയപ്പ് ചടങ്ങിൽ നൽകിയത്.
ചിത്രവിതരണത്തിെൻറ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ എം.ടി. അന്നൂർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ. കമലാക്ഷൻ അധ്യക്ഷത വഹിച്ചു. പി.വി. വിനോദ്കുമാർ, എം. പ്രസാദ്, എം. ആനന്ദൻ, കെ. ബാലൻ, ഇ. ശാരിക, പി. ഭരതൻ, പി. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
ശിഷ്യരുടെ മുഖങ്ങൾ സുരേഷ് മാഷിെൻറ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നതിന് ചിത്രം സാക്ഷി. 35 കുട്ടികളുടെ ഛായാചിത്രങ്ങളാണ് കറുത്ത മഷി കുത്തുകളിലൂടെ ചിത്രീകരിച്ചത്.
ഒരു ചിത്രം പൂർത്തിയാക്കാൻ ഏകദേശം അഞ്ചു മണിക്കൂറെങ്കിലുമെടുത്തതായി സുരേഷ് പറഞ്ഞു.
യേശുദാസ്, കെ.എസ്. ചിത്ര, മന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെ നൂറിലധികം വ്യക്തികൾക്ക് അവരുടെ ഡോട്ട് ചിത്രം വരച്ച് സുരേഷ് നേരിട്ട് സമ്മാനിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് സുരേഷ് വരച്ച ഗീതോപദേശം ഓയിൽ പെയിൻറിങ് വിറ്റുകിട്ടിയ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.