കൊച്ചി കപ്പൽശാലയിലും ഇനി വെങ്കല ഗ്രാമത്തിന്റെ ശിൽപ സൗന്ദര്യം
text_fieldsപയ്യന്നൂർ: കുഞ്ഞിമംഗലം വെങ്കല പൈതൃകഗ്രാമത്തിന്റെ ശിൽപ സൗന്ദര്യം ഇനി കൊച്ചി കപ്പൽ നിർമാണശാലയിലും. 32 അടി ഉയരവും എട്ടു ടൺ ഭാരവുമുള്ള ലോഹ ശിൽപമാണ് കുഞ്ഞിമംഗലത്ത് ഇതിനായി ഒരുങ്ങുന്നത്.
കപ്പൽശാലയുടെ അമ്പതാം വാർഷികാഘോഷ ഭാഗമായാണ് ടെറാ മാരിസ് എന്ന ശിൽപം ഒരുങ്ങുന്നത്. വെങ്കല ശിൽപികൾ പരമ്പരാഗത സാങ്കേതിക വിദ്യയിലാണ് കൂറ്റൻ ലോഹ ശിൽപം നിർമിക്കുന്നത്. കഴിഞ്ഞ വർഷം കപ്പൽശാല വാർഷികാഘോഷ വേളയിലാണ് കേന്ദ്രമന്ത്രി സർബാന്ദ സോനോവാൾ ലോഹ ശിൽപത്തിന്റെ മാതൃക പ്രകാശനം ചെയ്തത്. ആലുവ സ്വദേശി മരപ്രഭു രാമചന്ദ്രനാണ് ഗ്രീക്ക് ഭാഷയിൽ കടലിൽ നിന്നുയർന്ന സ്ഥലം എന്നർഥം വരുന്ന ടെറാ മാരീസ് രൂപകൽപന ചെയ്തത്. തുടർന്ന് നിർമാണത്തിന് കുഞ്ഞിമംഗലത്തെ വെങ്കല ശിൽപ ഗ്രാമത്തിലെ കലാകാരന്മാരെ ഏൽപിക്കുകയായിരുന്നു.
12 അടി നീളവും എട്ടടി വീതിയും അഞ്ചടി ഉയരവുമുള്ള കരിങ്കൽ തറയിൽ ഒന്നരയടി വ്യാസമുള്ള ലോഹ ഗോളത്തിലായിരിക്കും ശിൽപം കപ്പൽശാലയിൽ ഇടംപിടിക്കുക. അർധഗോള രൂപത്തിലുള്ള ഭൂമി, കടലിനെ സൂചിപ്പിക്കുന്ന മറ്റൊരു അർധഗോളം, ഇതിനു മുകളിൽ നങ്കൂരമിട്ട കപ്പൽ എന്നിങ്ങനെയാണ് ശിൽപം ഉണ്ടാവുക. വെങ്കലത്തിനു പുറമെ സ്റ്റീൽ ചെമ്പ് തുടങ്ങിയവകൂടി ശിൽപ മാധ്യമങ്ങളാണ്. സ്റ്റീലുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സി. ഉത്തമൻ, വി.വി. വിജയൻ, എസ്. ശിവദാസൻ എന്നിവർ പൂർത്തിയാക്കി. കലാപരമായ മറ്റു പണികൾക്ക് വി.വി. രാധാകൃഷ്ണൻ, വി.എസ്. രാജൻ, അനിൽ ചെങ്ങളത്ത് എന്നിവർ നേതൃത്വം നൽകി.
വെങ്കലത്തിന്റെ പണികൾ വെങ്കല പൈതൃകഗ്രാമം സെക്രട്ടറി കൂടിയായ പി. വത്സന്റെ നേതൃത്വത്തിൽ വി.വി. ശശിധരൻ, പി. രവി, കെ.വി. രാജൻ എന്നിവർ ചേർന്ന് പൂർത്തിയാക്കി. ഈ മാസം 27 ന് ശിൽപം കുഞ്ഞിമംഗലത്തുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകും. നിർമാണ പ്രവൃത്തി കാണാൻ കപ്പൽശാല അധികൃതർ വെള്ളിയാഴ്ച ശിൽപ ഗ്രാമത്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.