താലോത്തുവയലിൽ ഇന്ന് സഹനസമരത്തിെൻറ നൂറുമേനി കൊയ്ത്ത്
text_fieldsപയ്യന്നൂർ: കഴിഞ്ഞ മൂന്നുവർഷവും കണ്ടങ്കാളിവയലിൽ കൊയ്തത് സമരമായിരുന്നു. എന്നാൽ, ഈ കോവിഡുകാലത്ത് കൊയ്യുന്നത് സമര വിജയത്തിെൻറ നൂറുമേനി. എണ്ണ സംഭരണശാലക്കായി ഏറ്റെടുക്കാൻ തീരുമാനിച്ച വയലിലാണ് ഞായറാഴ്ച കൊയ്ത്തുത്സവം നടക്കുന്നത്. വയലിൽ ഏതാണ്ട് 90 ശതമാനം സ്ഥലത്തും ഇക്കുറി വിത്തിട്ടിരുന്നു. ഇവ തളിർത്ത് കതിർക്കുലകളണിഞ്ഞ് സ്വർണവർണമായി. ഈ സ്വർണക്കതിരുകളാണ് ഇന്ന് കൊയ്തെടുക്കുന്നത്.
തനത് നെല്ലായ തവ്വനാണ് ഇറക്കിയത്. തവ്വൻ കൃഷി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പാടശേഖരമാവുകയാണ് സമരപാടമായ കണ്ടങ്കാളി താലോത്ത് വയൽ. ഓണക്കാലത്ത് വിളയുന്ന തവ്വൻ നെല്ലാണ് വടക്കൻ കേരളത്തിൽ നിറയും പുത്തരിയും ആഘോഷിക്കാൻ ഉപയോഗിച്ചിരുന്നത്.
പോഷകസമൃദ്ധമായ തവ്വൻ ഉണക്കലരി പലഹാരങ്ങൾ ഉണ്ടാക്കാൻ ഉത്തമമാണ്. താലോത്ത് വയൽ തവ്വൻ പൈതൃകവിത്തിെൻറ സംരക്ഷണകേന്ദ്രമായി വികസിപ്പിക്കാൻ സംസ്ഥാന സർക്കാറും പയ്യന്നൂർ നഗരസഭയും നടപടി സ്വീകരിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.
നാല് വർഷം മുമ്പാണ് വിവിധ എണ്ണക്കമ്പനികളുടെ കേന്ദ്രീകൃത എണ്ണ സംഭരണശാല തുടങ്ങുന്നതിന് പയ്യന്നൂർ നഗരസഭയിലെ കണ്ടങ്കാളി താലോത്ത് വയൽ ഏറ്റെടുത്തു നൽകാൻ സർക്കാർ തീരുമാനിച്ചത്. കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന പൊതു തെളിവെടുപ്പിൽ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയെങ്കിലും സർക്കാർ ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോയി. 2017 മുതൽ ഭൂമി ഏറ്റെടുക്കുന്നതിന് പയ്യന്നൂരിൽ സ്പെഷൽ തഹസിൽദാർ ഓഫിസ് പ്രവർത്തനം തുടങ്ങുകയും ചെയ്തു.85.81 ഏക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു തീരുമാനം.
ഇനിൽ 75 ഏക്കർ സംഭരണി സ്ഥാപിക്കാനും ബാക്കി റോഡിനും. എന്നാൽ, ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടൽക്കാടുകളും വയലും ഉൾപ്പെടുന്ന ചതുപ്പുകൾ നികത്തി സംഭരണി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായി. താലോത്ത് വയൽ സംരക്ഷണ സമിതി രൂപവത്കരിച്ച് തഹസിൽദാർ ഓഫിസിനു മുന്നിൽ നടത്തിയ ധർണയിൽ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിൽ ഉൾപ്പെടെയുള്ളവർ എത്തി. ഇതോടെ മൂന്ന് വർഷത്തോളം നീണ്ട സമരത്തിന് ജനപിന്തുണയേറി. പ്രക്ഷോഭം ശക്തിപ്പെടുകയും സി.പി.എമ്മിൽ പദ്ധതിക്കെതിരെ പ്രതിഷേധമുയരുകയും ചെയ്തതോടെ സ്ഥലം ഏറ്റെടുക്കൽ തീരുമാനം റദ്ദാക്കി.
സമരം വിജയം കൊയ്ത വയലിലാണ് ഇക്കുറി കണ്ടങ്കാളിയിലെ യുവജന കൂട്ടായ്മയും മറ്റും പരമ്പരാഗത വിത്തിറക്കി ചരിത്രമെഴുതിയത്.വിത്തിറക്കൽ പോലെ കോവിഡ് മാനദണ്ഡം പാലിച്ച് കൊയ്ത്തും ജനകീയമാക്കാനാണ് നാട്ടുകാരുടെയും സമരസമിതി നേതാക്കളുടെയും തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.