കെ.കെ.സിയുടെ ഓർമയിലുണ്ട് ആ ഭാഗ്യപരീക്ഷണ ദിനം
text_fieldsപയ്യന്നൂർ: രാമന്തളിയുടെ മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ.സി. അസൈനാറുടെ മനസ്സിൽ മായാതെയുണ്ട് ഇന്നും ആ ഭാഗ്യപരീക്ഷണത്തിെൻറ ഓർമകൾ. രണ്ടു തവണ ഭാഗ്യം തുണച്ച് പഞ്ചായത്ത് ഭരണം നടത്തിയപ്പോൾ അത് ചരിത്രത്തിൽ ഇടം കണ്ടു. ബലാബലത്തിനൊടുവിലായിരുന്നു നറുക്കെടുപ്പെന്ന ഭാഗ്യപരീക്ഷണം. രണ്ടുതവണയും നറുക്കുവീണത് യു.ഡി.എഫിന് എന്നതും മറ്റൊരു പ്രത്യേകത.
മൂന്ന് ഭാഗം കടലും ഒരുഭാഗം കായലും അതിരിടുന്ന പഞ്ചായത്തിെൻറ ജനനം 1935ൽ. 1962ൽ ബാലറ്റിലൂടെ ഭരണാധികാരികളെ കണ്ടെത്തിയ തെരഞ്ഞെടുപ്പിൽ ജയം കമ്യൂണിസ്റ്റ് പാർട്ടിക്ക്. ഒ.കെ. കുഞ്ഞിക്കണ്ണനായിരുന്നു പ്രസിഡൻറ്. 2000ത്തിൽ നടന്ന തെരഞ്ഞെടുപ്പാണ് ആദ്യ ഭാഗ്യപരീക്ഷണത്തിന് അരങ്ങൊരുങ്ങിയത്. യു.ഡി.എഫിനും സി.പി.എമ്മിനും ഏഴുവീതം വാർഡുകളാണ് ലഭിച്ചത്. നറുക്കെടുപ്പിനൊടുവിൽ ലീഗിലെ കെ.കെ.സി. അസൈനാർ പ്രസിഡൻറായി. എന്നാൽ, വൈസ് പ്രസിഡൻറ് പദം ലഭിച്ചത് മറുപക്ഷത്തിന്. സി.പി.എമ്മിലെ പി.ടി. രാഘവനായിരുന്നു നിയോഗം. രണ്ട് കക്ഷികൾ പ്രസിഡൻറും വൈസ് പ്രസിഡൻറും ആയിട്ടും ഭരണത്തെ അത് ബാധിച്ചില്ലെന്നും സൗഹൃദത്തോടെയായിരുന്നു ഭരണം നടത്തിയതെന്നും കെ.കെ.സി പറഞ്ഞു.
നറുക്കെടുപ്പ് ഒഴിവാക്കാൻ കൊണ്ടുപിടിച്ച ശ്രമമായിരുന്നു 2005ലെ മത്സരത്തിൽ ഇരുവിഭാഗവും നടത്തിയത്. എന്നാൽ, ജനത്തിെൻറ തീരുമാനം മാറ്റാൻ ഇരുമുന്നണികൾക്കും സാധിച്ചില്ല. വോട്ടെണ്ണിയപ്പോൾ ഇരുവിഭാഗത്തിനും ലഭിച്ചത് പഴയതുപോലെ ഏഴുവീതം വാർഡുകൾ. ഭാഗ്യം പക്ഷേ, ഇക്കുറി പൂർണമായും ചാഞ്ഞത് വലത്തോട്ട്. ലീഗിലെ മീത്തൽ മഹമൂദ് ഹാജിക്കായിരുന്നു പ്രസിഡൻറാവാൻ നിയോഗം. കോൺഗ്രസിലെ കണ്ണൻ രാമന്തളി ഉപാധ്യക്ഷനുമായി. ഏഴുപേർ ഉണ്ടായിട്ടും സി.പി.എം പ്രതിപക്ഷത്തായി.
ജനാധിപത്യത്തിലെ 'ലോട്ടറി' ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചതിെൻറ ഭാഗമായാണ് വാർഡുവിഭജനം നടത്തി സീറ്റ് 15 ആക്കിയത്. ഇതോടെ തെരഞ്ഞെടുപ്പാനന്തര നാടകീയതക്ക് വിരാമമായി. ഇതിനുശേഷം 2010ൽ നടന്ന തെരഞ്ഞെടുപ്പിലും 2015ലെ വോട്ടെടുപ്പിലും ജനം ഒന്നുവീതം വാർഡ് സി.പി.എമ്മിന് അധികം നൽകി. 2010ൽ ഈശ്വരീ ബാലകൃഷ്ണനും 2015ൽ എം.വി. ഗോവിന്ദനും പ്രസിഡൻറായിരുന്നു. പ്രസിഡൻറ് പദവി വനിത സംവരണമായ ഇക്കുറി പഞ്ചായത്തിൽ നടക്കുന്നത് തീപാറുന്ന പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.