'അച്ഛനെ' കാണാൻ മക്കളെത്തി; ശിൽപിയുടെ പണിപ്പുരയിൽ
text_fieldsപയ്യന്നൂർ: നാലുപതിറ്റാണ്ടു മുമ്പ് അരങ്ങൊഴിഞ്ഞ പിതാവിനെ കാണാൻ മക്കൾ ശിൽപി ഉണ്ണികാനായിയുടെ പണിപ്പുരയിലെത്തി. കരിവെള്ളൂർ സമര നായകൻ എ.വി. കുഞ്ഞമ്പുവിെൻറ പൂർണകായ ശിൽപം കാണാനാണ് മക്കളായ അഡ്വ. എം. വിജയകുമാറും കരിവെള്ളൂർ മുരളിയും ജയദേവൻ കരിവെള്ളൂരുമെത്തിയത്.
പയ്യന്നൂർ കാനായിയിൽ പുതുതായി നിർമിക്കുന്ന കോറോം ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിലാണ് സമര നായകെൻറ ശിൽപം സ്ഥാപിക്കുന്നത്. കളിമണ്ണിൽ തീർത്ത ശിൽപം കാണാനാണ് മക്കൾ ശിൽപിയുടെ പണിപ്പുരയിലെത്തിയത്. 5.6 അടിയാണ് എ.വിയുടെ ഉയരം. മക്കളിൽ നിന്ന് കിട്ടിയ ഈ ഉയരത്തിൽ തന്നെയാണ് ശിൽപം തീർക്കുന്നതെന്ന് ഉണ്ണി പറഞ്ഞു. നിർമാണത്തിൽ എ.വിയുടെ പഴയ ഫോട്ടോകൾ കിട്ടാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ, മകനും എഴുത്തുകാരനുമായ കരിവെള്ളൂർ മുരളിയാണ് എ.കെ.ജിയുടെയും ഇ.എം.എസിെൻറയും കൂടെയുള്ള ചിത്രങ്ങൾ സംഘടിപ്പിച്ചു നൽകിയതെന്ന് ഉണ്ണി കാനായി പറഞ്ഞു.
കൈയിൽ പഴയ ചെയിൻവാച്ചും കീശയിൽ ഒരു പേനയും അരക്കൈ ഷർട്ടും കരയില്ലാത്ത മല്ലുമുണ്ടും ഉടുത്ത് ചെറുപുഞ്ചിരിയോടെ നിൽക്കുന്ന രീതിയിലാണ് പയ്യന്നൂരിെൻറ ആദ്യ എം.എൽ.എ കൂടിയായ എ.വി. കുഞ്ഞമ്പു പുനർജനിക്കുന്നത്. തീഷ്ണമായ സമരപോരാട്ടങ്ങൾ കടന്ന് ജനപ്രതിനിധിയായ കാലഘട്ടത്തിലെ പ്രായമാണ് ഉണ്ണി കാനായി ശിൽപ നിർമാണത്തിന് തിരഞ്ഞെടുത്തത്. മാസങ്ങളെടുത്താണ് കളിമൺ പ്രതിമ പൂർത്തിയാക്കിയത്.
കളിമൺ ശിൽപം കാണാൻ മക്കളോടൊപ്പം സി.പി.എം പ്രാദേശിക നേതാക്കളുമെത്തി. നിർമാണത്തിന് സഹായികളായി അനുരാഗ്, അഭിജിത്ത്, അർജുൻ എന്നിവരും ഉണ്ടായിരുന്നു.എ.വി. കുഞ്ഞമ്പു കരിവെള്ളൂർ സമരത്തിൽ പങ്കെടുത്തതിന് പുറമെ, തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ്പാർട്ടി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞതിലൂടെയാണ് എ.വി. എന്ന ചുരുക്കപ്പേരിലറിയപ്പെട്ടത്. ജീവിതാവസാനം വരെ തൊഴിലാളി വർഗത്തിെൻറ ക്ഷേമത്തിനായി പ്രവർത്തിച്ച കമ്യൂണിസ്റ്റുകൂടിയായിരുന്നു കുഞ്ഞമ്പു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.