കാടും വെള്ളക്കെട്ടും; ഇവിടെ അപകടം പതിയിരിക്കുന്നു
text_fieldsപയ്യന്നൂർ: റോഡരികിലെ കാടും വെള്ളക്കെട്ടും അപകട ഭീഷണിയുയർത്തുന്നു. പിലാത്തറ -മാതമംഗലം റോഡിൽ കൈതപ്രം ഭാഗത്തെ വെള്ളക്കെട്ടും റോഡരികിലെ കാടുമാണ് വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഭീഷണിയായത്. പിലാത്തറ മാതമംഗലം റോഡിൽ കൈതപ്രം ബസ് സ്റ്റോപ്പിനു സമീപത്താണ് ഈ അപകടക്കെണി. മലയോര മേഖലകളിലേക്കുൾപ്പെടെ ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോഡിലാണ് വെള്ളക്കെട്ടും കാടുമുള്ളത്. വളവുള്ള ഭാഗമായതിനാൽ ഇത് കൂടുതൽ ഭീഷണി സൃഷ്ടിക്കുകയാണ്. റോഡിന്റെ പകുതി ഭാഗം വരെ വെള്ളക്കെട്ടാണ്. വളവുള്ള ഭാഗമായതിനാലും റോഡരികിൽ കാട് വളർന്നിരിക്കുന്നതിനാലും വാഹനങ്ങൾ ഒരു ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്.
ഇതുമൂലം കാൽനടക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ മേൽ ചളിവെള്ളം പതിക്കുന്നതും പതിവാണ്. ഇരുചക്രവാഹന യാത്രക്കാരുടെ സ്ഥിതിയും പരിതാപകരമാണ്. കോടികൾ ചെലവിൽ നവീകരിച്ച റോഡിന്റെ ഈ ഭാഗങ്ങളിൽ ഓവുചാൽ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. അതിനാൽ ബന്ധപ്പെട്ട അധികൃതർ വെള്ളക്കെട്ട് ഒഴിവാക്കാൻ ഈ ഭാഗത്ത് ഓവുചാൽ നിർമിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കാട് വെട്ടിതെളിക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.