എസ്.എഫ്.ഐക്കാർ അടച്ച വഴി നാട്ടുകാർ പുനഃസ്ഥാപിച്ചു
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്താൻ നാട്ടുകാർ പരമ്പരാഗതമായി ഉപയോഗിക്കുന്ന വഴി എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ അടച്ചത് വിവാദമായി. അടച്ചതിനു തൊട്ടുപിന്നാലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള നാട്ടുകാരെത്തി വേലി പൊളിച്ച് പാത പുനഃസ്ഥാപിച്ചു.
തിങ്കളാഴ്ച വൈകീട്ടാണ് വിദ്യാർഥികൾ മുള്ളും പഴയ കമ്പിവേലിയും വലിയ മരങ്ങളും ഉപയോഗിച്ച് ഇതിലൂടെയുള്ള യാത്ര തടഞ്ഞത്. എന്നാൽ, ചൊവ്വാഴ്ച രാവിലെ നാട്ടുകാരെത്തി ഇത് പൊളിച്ചുമാറ്റുകയും സംഭവം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്യുകയായിരുന്നു. കോളജിലെ വനിത ഹോസ്റ്റലിനു സമീപം ദിവസങ്ങൾക്കുമുമ്പ് അജ്ഞാതൻ അധികൃതർ അറിയാതെയെത്തുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തതായി പരാതി ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടന്നുവരുകയാണ്. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ വഴിയടച്ചത്. മാത്രമല്ല, സ്ഥലത്ത് എസ്.എഫ്.ഐയുടെ കൊടികുത്തുകയും ചെയ്തു. എന്നാൽ, ചൊവ്വാഴ്ച രാവിലെ നാട്ടുകാർ എത്തുമ്പോഴേക്കും കൊടി അപ്രത്യക്ഷമായിരുന്നു.
മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനു മുമ്പുതന്നെ ടി.ബി സാനറ്റോറിയത്തിലേക്ക് എളുപ്പത്തിൽ എത്താൻ പതിറ്റാണ്ടുകളായി നാട്ടുകാർ ഉപയോഗിക്കുന്ന വഴിയാണ് അടച്ചത്. ആദ്യം കാൽനടക്കുള്ള വഴിയാണ് ഉണ്ടായിരുന്നത്. പിന്നീട് വാഹനങ്ങൾ പോയി റോഡായി മാറുകയായിരുന്നു. തൊട്ടടുത്തുവരെ സ്വകാര്യ സ്ഥാപനത്തിലേക്കുള്ള ടാർ റോഡുണ്ട്. ഇവിടെ നിന്ന് മെഡിക്കൽ കോളജ് കളിസ്ഥലത്തിനരികിൽ കൂടി ക്വാർട്ടേഴ്സിലേക്കുള്ള ടാർ റോഡിലേക്ക് 20 മീറ്റർ ചരൽ റോഡാണ് വിവാദവഴിയായത്. രണ്ടു മാസം മുമ്പ് ഇവിടെ കമ്പിവേലി കെട്ടി അടച്ചിരുന്നു. ഇതും നാട്ടുകാർ പൊളിച്ചുമാറ്റുകയായിരുന്നു.
നൂറ്റാണ്ടുകളായി കടന്നപ്പള്ളി വില്ലേജിലെ കോട്ടത്തുംചാൽ, തെക്കേക്കര പ്രദേശങ്ങളിലെ നൂറുകണക്കിന് നാട്ടുകാർ ഉപയോഗിക്കുന്ന പാതയാണ് തടയാൻ ശ്രമിക്കുന്നത്. ഈ പാത അടക്കുന്ന പക്ഷം കിലോമീറ്ററുകൾ സഞ്ചരിച്ച് ദേശീയപാത വഴി മാത്രമേ കോളജിലെത്താനാവൂ. മാത്രമല്ല, മെഡിക്കൽ കോളജ് ബസ് സ്റ്റോപ്പിലേക്കെത്താനും നാട്ടുകാർ ഈ വഴി ഉപയോഗിക്കാറുണ്ട്. എന്തു വിലകൊടുത്തും പാത സംരക്ഷിക്കുമെന്ന നിലപാടിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.