വെള്ളൂരിൽ അടിപ്പാതക്ക് പ്രായോഗിക ബുദ്ധിമുട്ടെന്ന് ദേശീയപാത അതോറിറ്റി
text_fieldsപയ്യന്നൂർ: ദേശീയപാത വികസനത്തോടനുബന്ധിച്ച് വെള്ളൂരിൽ അടിപ്പാത എന്ന നിർദേശത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി. ടി.ഐ. മധുസൂദനൻ എം.എൽ.എ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പയ്യന്നൂർ-വെള്ളൂർ ബാങ്ക് പരിസരത്തേ ജനങ്ങളുടെ ആവശ്യമാണ് സബ്മിഷനിലൂടെ എം.എൽ.എ ഉന്നയിച്ചത്. എം.എൽ.എയും രാഷ്ട്രീയ നേതൃത്വവും വിവിധ സംഘടനകളും ഇക്കാര്യം നേരത്തെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നേരത്തേ ദേശീയപാത അതോറിറ്റിയോട് ഇത് പരിഹരിക്കുന്നതിന് ആവശ്യപ്പെട്ടു.
അതോടൊപ്പം ബന്ധപ്പെട്ട കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉൾപെടെയുള്ളവരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നു. തുടർന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ഇത് സംബന്ധിച്ച് പഠിച്ചിരുന്നു. തുടർന്നാണ് പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചത്.
എന്നാൽ, പ്രായോഗികമായ മറ്റ് ബദൽ സാധ്യതകൾ കൂടി പരിശോധിക്കാൻ ദേശീയപാത അതോറിറ്റി റീജനൽ ഓഫിസറോട് എം.എൽ.എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പ്രത്യേക യോഗം തന്നെ ചേർന്നിരുന്നു. റീജനൽ ഓഫിസറോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ ഒരിക്കൽകൂടി സ്ഥലം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകശിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ 2019 ഹെക്ടർ ഭൂമിയാണ് ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിട്ടുള്ളത്.
ഇതിൽ 25 ശതമാനം ചെലവ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാർ വഹിച്ചു. ജില്ലയിലെ ദേശീയപാത ഭൂമിയേെറ്റടുക്കാൻ മാത്രം 576.96 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സമരം 50ാം ദിവസത്തിലേക്ക്
പയ്യന്നൂർ: ദേശീയപാതയിൽ വെള്ളൂർ ബാങ്ക് സ്റ്റോപ്പിന് സമീപം അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി ആക്ഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്നുവരുന്ന സമരം അമ്പതാം ദിവസത്തിലേക്ക്. 50 ദിവസത്തിലേക്ക് പ്രവേശിക്കുന്ന വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ബഹുജന പങ്കാളിത്തത്തോടെ പ്രതിഷേധച്ചങ്ങല തീർക്കുമെന്ന് സമരസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദേശീയപാതയുടെ രൂപരേഖ തയാറാക്കുമ്പോൾ ജനങ്ങളുമായി ഒരു ചർച്ചയും നടത്താതെ ഉദ്യോഗസ്ഥർ ഏകപക്ഷീയ തീരുമാനം എടുത്തതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു.
വെള്ളൂർ ബാങ്ക് സ്റ്റോപ്പിൽ അടിപ്പാത നിർമിക്കുന്നില്ല എന്നറിഞ്ഞത് മുതൽ തന്നെ അടിപ്പാതയുടെ ആവശ്യകത മുഖ്യമന്ത്രി അടക്കമുള്ളവരെ ബോധ്യപ്പെടുത്തിയിരുന്നു. കാര്യഗൗരവം മനസ്സിലാക്കി മുഖ്യമന്ത്രിയും എം.പിമാരും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ ബന്ധപ്പെടുകയും അദ്ദേഹം വാക്കാൽ ഉറപ്പുനൽകുകയും ചെയ്തിരുന്നു. തുടർന്ന് അനുകൂല തീരുമാനമൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് സർവകക്ഷി ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി.
ഇനിയും അടിപ്പാത ആവശ്യം അംഗീകരിക്കാതിരുന്നാൽ സമരത്തിന്റെ രൂപം മാറുമെന്ന് നേതാക്കൾ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വില്ലേജ് ഓഫിസ്, ബാങ്ക്, ജനത പാൽ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുള്ള സ്ഥലത്ത് ആറുവരിയിൽ ദേശീയപാത വികസിക്കുമ്പോൾ തമ്മിൽ പരസ്പരം ബന്ധപ്പെടാനാകാതെ ജനങ്ങൾ റോഡിനിരുവശത്തുമായി വിഭജിക്കപ്പെടുമെന്നാണ് മുഖ്യപരാതി.
വാർത്തസമ്മേളനത്തിൽ സമരസമിതി ചെയർമാൻ സി. കൃഷ്ണൻ, ജനറൽ കൺവീനർ കെ.വി. സുധാകരൻ, വി.സി. നാരായണൻ, കെ.വി. ബാബു, പി. ജയൻ, എൻ. ഗംഗാധരൻ, എം. സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.