തുലാം പിറന്നു; അത്യുത്തര കേരളത്തിൽ ഇനി കളിയാട്ടക്കാലം
text_fieldsപയ്യന്നൂർ: മഴക്കോളും കന്നിക്കൊയ്ത്തും കഴിഞ്ഞ് തുലാം പിറന്നതോടെ അത്യുത്തര കേരളത്തിൽ ഇനി കളിയാട്ടക്കാലം. അമ്മദൈവങ്ങൾ കുടികൊള്ളുന്ന കാവുകളും തറവാട്ടു മുറ്റങ്ങളും കൊയ്തൊഴിഞ്ഞ പാടങ്ങളും ഇനി തോറ്റംപാട്ടിന്റെ അലൗകിക താളമേളവും ചിലമ്പിന്റെ കലമ്പലും കൊണ്ട് മുഖരിതമാവും. തെക്കൻ കേരളത്തിൽ വ്യാഴാഴ്ചയാണ് തുലാം ഒന്ന്. വടക്കൻ കേരളത്തിൽ വെള്ളിയാഴ്ചയും. വടക്കിന്റെ ഒന്നിനു തന്നെ തെയ്യക്കാലവും തുടങ്ങുകയാണ് പതിവ്. തുലാം മുതൽ ഇടവപ്പാതിവരെയുള്ള ദിനരാത്രങ്ങളാണ് തെയ്യങ്ങളുടെ വാചാലുകളാൽ സമൃദ്ധമാവുക. കാർഷിക പ്രാധാന്യമുള്ള അനുഷ്ഠാനം കൂടിയാണ് തെയ്യം.
പത്താമുദയമായ തുലാം 10നാണ് വടക്കൻ കേരളത്തിൽ തെയ്യക്കാലത്തിന് ആരംഭംകുറിക്കുന്നതെങ്കിലും പയ്യന്നൂരിലെ തറവാട്ട് ക്ഷേത്രങ്ങളിൽ തുലാം ഒന്നിനുതന്നെ തെയ്യങ്ങൾ അരങ്ങിലെത്തിത്തുടങ്ങും.
പയ്യന്നൂർ തെക്കെ മമ്പലം തെക്കടവൻ തറവാട്ടിൽ വെള്ളിയാഴ്ചതന്നെ പുത്തരി കളിയാട്ടത്തിന് തുടക്കമാവും. രണ്ടു ദിവസങ്ങളിലായി കുണ്ടോറ ചാമുണ്ഡി, മോന്തിക്കോലം, കുറത്തിയമ്മ, കൂടെയുള്ളോർ എന്നീ തെയ്യങ്ങൾ തറവാട്ടു മുറ്റത്ത് കെട്ടിയാടും. ചടങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് ആരംഭിക്കും. രാത്രിയോടെ മോന്തിക്കോലവും കുറത്തിയമ്മയും ശനിയാഴ്ച രാവിലെ കുണ്ടോറ ചാമുണ്ഡിയും കൂടെയുള്ളോരും അരങ്ങിലെത്തും.
തുടർ ദിവസങ്ങളിൽ പയ്യന്നൂരിലെയും പരിസരങ്ങളിലെയും തറവാടുകളിൽ തെയ്യങ്ങൾ ആടയാഭരണങ്ങളണിഞ്ഞ് ഉറഞ്ഞാടും. കൊറ്റി ആദി കണ്ണങ്ങാടുമായി ബന്ധപ്പെട്ട പിലാങ്കു, കൂത്തൂർ, പുളുക്കൂൽ തറവാടുകളിൽ അടുത്തടുത്ത ദിവസങ്ങളിൽ കളിയാട്ടം നടക്കും. പയ്യന്നൂർ കണ്ടങ്കാളിയിലെ തെയ്യം കലാകാരൻ കുണ്ടോറാൻ ഉണ്ണികൃഷ്ണന്റെ വീട്ടിൽ തെയ്യച്ചമയങ്ങളും അണിയലങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മരുമക്കളായ പി.പി. ഷിബിൻ ദാസും വി.കെ. യാദവ് പ്രകാശും ചേർന്ന് തെയ്യച്ചമയങ്ങൾ തയാറാക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ.
തെക്കടവൻ തറവാട്ടിലാണ് വേലൻ സമുദായത്തിൽപ്പെട്ട ഇവരുടെ ആദ്യ കളിയാട്ടം. തുടർന്നുവരുന്ന തറവാട് കളിയാട്ടങ്ങളിലും ഇവർ തന്നെയാണ് തെയ്യക്കാർ. ജാതി മതത്തിനതീതമായി ആയിരങ്ങൾ ഒത്തുചേരുന്ന സങ്കേതം കൂടിയാണ് തെയ്യപ്പറമ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.