ഡോ. ഗോപകുമാറിനിത് വ്രതപുണ്യത്തിന്റെ രണ്ടുപതിറ്റാണ്ട്
text_fieldsപയ്യന്നൂർ: കത്തുന്ന മേടച്ചൂടിന്റെ കാഠിന്യവും തടസ്സമായില്ല. കണ്ണൂർ ഗവ. ആയുർവേദ കോളജ് സൂപ്രണ്ട് ഡോ. ഗോപകുമാറിനിത് വ്രതപുണ്യത്തിന്റെ 20ാം വർഷം. അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിക്കും. തുടർന്ന് ജോലിയിലേക്ക്. കോളജിന് മുന്നിലെ പള്ളിയിൽനിന്ന് മഗ്രിബ് ബാങ്കിന്റെ സമയത്ത് നോമ്പു മുറിക്കും. 20 വർഷമായി തുടരുന്ന റമദാൻ വ്രതത്തിന് ഇക്കുറിയും ഭംഗം വന്നില്ല.
2002ലാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ ഡോക്ടർ കണ്ണൂർ ഗവ. ആയുർവേദ കോളജിൽ അധ്യാപകനായി എത്തുന്നത്. 2003ലെ റമദാൻ മാസത്തിൽ ക്ലാസിലെ നിരവധി വിദ്യാർഥികൾ വ്രതമെടുത്ത് പഠിക്കുന്നതു കണ്ടപ്പോഴാണ് അവരോട് ഐക്യപ്പെടാൻ തീരുമാനിച്ചത്.
ഇതിന് ശിഷ്യരായ മുസ്ലിം വിദ്യാർഥികളുടെ പിന്തുണകൂടി ലഭിച്ചതോടെ അതു തുടരാൻ നിശ്ചയിച്ചു. വ്രതമെടുത്ത് അവരോടൊപ്പം പള്ളിയിൽ പോയി നോമ്പുതുറന്നു. കണ്ണൂരിലിത് നോമ്പുകാലത്ത് പതിവായെങ്കിലും തിരുവനന്തപുരത്ത് സ്ഥലം മാറിയെത്തിയപ്പോൾ പരീക്ഷിക്കപ്പെട്ടുവെന്ന് ഡോക്ടർ.
കൂടെ കൂടാൻ ശിഷ്യരില്ലാത്തതുതന്നെ കാരണം. തനിച്ചായാലും തുടരാൻ തീരുമാനിച്ചു. നിശ്ചയദാർഢ്യത്തിനു മുന്നിൽ പ്രതിബന്ധങ്ങൾ വഴിമാറി. പല ദിവസങ്ങളിലും വിട്ടിൽനിന്നും ഇഫ്താർ വിഭവങ്ങൾ എത്തിച്ചുനൽകിയത് 75 പിന്നിട്ട പിതാവായിരുന്നു. പരിയാരത്തായിരുന്നപ്പോൾ ഒരു മണ്ഡലകാലത്താണ് റമദാൻ വന്നത്. ശബരിമല ദർശനത്തിന് പോകാൻ മുദ്രധരിച്ച് കറുപ്പുടുത്തപ്പോഴും നോമ്പുമുടക്കിയില്ല.
പള്ളിയിൽ നോമ്പുമുറിക്കാനെത്തിയപ്പോൾ കറുപ്പുടുത്ത സ്വാമിക്ക് കമ്മിറ്റിക്കാരുടെ പ്രത്യേക പരിഗണന. വേറെ മാറ്റിയിരുത്തി വെജിറ്റബിൾ വിഭവങ്ങൾ മാത്രം നൽകിയ കാര്യം ഡോക്ടർ ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.