സുൽഫത്ത് ടീച്ചർക്ക് 'ജീവനാണ്' ഈ സ്കൂൾ..
text_fieldsപയ്യന്നൂർ: വിരമിച്ചതിനുശേഷവും ജോലി ചെയ്ത സർക്കാർ വിദ്യാലയത്തെ പ്രണയിച്ച് മുൻ പ്രധാനാധ്യാപിക. ചെറുതാഴം പിലാത്തറയിൽ താമസിക്കുന്ന എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ എം. സുൽഫത്താണ് ആറുവർഷം ജോലി ചെയ്ത വിദ്യാലയത്തിന് ഓഡിറ്റോറിയം നിർമിച്ചുനൽകി മാതൃകയായത്.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ തെക്കേക്കര ഗവ. എൽ.പി സ്കൂൾ പരിമിതികളെ മറികടന്ന് മുന്നേറുന്നതിന് ടീച്ചർ നൽകിയ നേതൃത്വം ഏറെ പ്രശംസനീയമാണ്. അഞ്ചു വർഷത്തിനിടയിൽ അതിശയിപ്പിക്കുന്ന മികവുകൾ ഈ വിദ്യാലയത്തിനുണ്ടായി. കുട്ടികൾ 100 ശതമാനം കൂടി. മികച്ച ശലഭോദ്യാനം, ഹരിത വിദ്യാലയം, സർഗ വിദ്യാലയം, ഒരു കുട്ടി ഒരു പരീക്ഷണം തുടങ്ങി എല്ലാ അർഥത്തിലും പ്രകൃതി പാഠപുസ്തകമായി മാറി ഈ സർക്കാർ വിദ്യാലയം. ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രധാനാധ്യാപിക എം. സുൾഫത്ത് ടീച്ചർ, മറ്റ് അധ്യാപകർ എന്നിവരുടെയും സ്കൂൾ വികസന സമിതിയുടെയും കഠിനപ്രയത്നമുണ്ട്.
ഓപൺ ഓഡിറ്റോറിയത്തിെൻറ ഉദ്ഘാടനം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. സുലജയുടെ അധ്യക്ഷതയിൽ എം. വിജിൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം പി.വി. സുരേന്ദ്രൻ, മാടായി ഉപജില്ല ഓഫിസർ പ്രകാശ്ബാബു, ജില്ല പ്രോജക്ട് ഓഫിസർ രാജേഷ് കടന്നപ്പള്ളി, പ്രധാനാധ്യാപിക ടി.വി. സുനന്ദകുമാരി, പി.ടി.എ വൈസ് പ്രസിഡൻറ് കെ.വി. മനോജ് എന്നിവർ സംസാരിച്ചു. എസ്.എം.സി ചെയർമാൻ പി.കെ. സുരേഷ് സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ.കെ. നിത്യ നന്ദിയും പറഞ്ഞു. ചടങ്ങിൽ കെ.എസ്.ടി.യു സംഘടിപ്പിച്ച ജില്ലതല ക്വിസ് മത്സരത്തിൽ വിജയിച്ച മൂന്നാംക്ലാസ് വിദ്യാർഥി ദേവനന്ദക്ക് ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.