കാലംതെറ്റി കാലവർഷം; നെൽപാടങ്ങളിൽ കണ്ണീർ
text_fieldsപയ്യന്നൂർ: തിമിർത്തുപെയ്യുന്ന മഴ നെൽകർഷകർക്ക് കണ്ണീർമഴയാവുന്നു. വിളഞ്ഞു നിൽക്കുന്ന നെൽകതിരുകൾ വെള്ളത്തിൽ കിടന്ന് മുളക്കാൻ തുടങ്ങി. ചെറുതാഴം, ഏഴോം, കടന്നപ്പള്ളി, പാണപ്പുഴ, കരിവെള്ളൂർ പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് നെൽകൃഷിയാണ് മഴയിൽ നശിച്ചത്. ഓണത്തിന് ശേഷം വിളവെടുപ്പിന് ഒരുങ്ങിയതായിരുന്നു വിളഞ്ഞ നെൽപാടങ്ങൾ.
മിക്ക പാടശേഖരങ്ങളിലെയും കൃഷി പൂർണമായും നശിക്കുകയാണ്. ഒന്നാം വിളക്ക് കർഷകർ പൊതുവേ വിമുഖത കാട്ടാറുണ്ടെങ്കിലും പഞ്ചായത്തിെൻറയും കൃഷിഭവെൻറയും സഹായത്തോടെ കുറച്ചു കർഷകരെങ്കിലും കൃഷിയിറക്കിയിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഒന്നാംവിള കൃഷിചെയ്ത സ്ഥലവിസ്തീർണം കുറവാണ്.
ഇതാണ് നശിക്കുന്നത്. മഴയിൽ ചെറുതാഴത്ത് ചില പാടശേഖരങ്ങളിലെ കൃഷി പൂർണമായും നശിച്ചു. കാരാട്ട് പാടശേഖരം, മേലതിയടം എന്നിവിടങ്ങളിൽ 100 ഏക്കറിലധികം കൃഷി പൂർണമായും നശിച്ചതായി കർഷകർ പറയുന്നു. കർക്കടകം അവസാനത്തോടെ വിരിയുന്ന നെല്ല് കന്നിമാസമാദ്യം കൊയ്യാനാവും.
ഈ സമയത്താണ് തുടർച്ചയായി മഴ പെയ്ത് വെള്ളം കയറുന്നത്. കൊയ്താൽ തന്നെ ഉണക്കാൻ പറ്റാത്ത അവസ്ഥയാണ്. നെല്ലറയായ ഏഴോത്തും കടന്നപ്പള്ളിയിലും കതിർക്കുലകൾ വെള്ളത്തിൽ കിടന്ന് മുളക്കുന്ന സമാനമായ അനുഭവമാണുള്ളത്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വൈക്കോൽ പോലും ഉപയോഗശൂന്യമാവുകയാണ്. ചിങ്ങം, കന്നി മാസങ്ങളിൽ മഴ പതിവുണ്ടെങ്കിലും വെള്ളം കയറുന്ന കനത്തമഴ ഉണ്ടാവാറില്ല. ചെറിയമഴ പെയ്തുപോവുകയാണ് പതിവ്. അതുകൊണ്ടുതന്നെ വലിയ നാശനഷ്ടം ഉണ്ടാകാറില്ലെന്ന് പഴയകാല കർഷകർ പറയുന്നു. എന്നാൽ, ഇക്കുറി കാലം തെറ്റി വന്ന ന്യൂനമർദം കർക്കടകത്തെ തോൽപിച്ച പേമാരിയാണ് സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.