പയ്യന്നൂരിൽ നാലര ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsപയ്യന്നൂര്‍: വാഹനത്തിൽ കടത്തിയ നാലര ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഡ്രൈവർ ഇരിട്ടി കീഴൂര്‍കുന്നിലെ കെ. മുഹമ്മദലി(51), പേരാവൂർ മുരിങ്ങോടി പെരുമ്പുന്നയിലെ സി. കബീര്‍(32), ഇരിട്ടിപുന്നാട് സ്വദേശി കെ.വി. മുജീബ്(42) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച പുലര്‍ച്ച മൂന്നരയോടെ ദേശീയപാതയിൽ പെരുമ്പയിൽ നടത്തിയ വാഹന പരിശോധനയിലാണ് വന്‍ നിരോധിത പുകയില ഉൽപന്നശേഖരം പിടികൂടിയത്.
പ്ലാസ്റ്റിക് ഷീറ്റ് പൊതിഞ്ഞ് പിക്അപ് വാനിൽ 28 ചാക്കുകളിലായി കടത്തുകയായിരുന്ന കൂൾ ലിപ്, ഫിൽട്ടർ, ഹാൻസ് തുടങ്ങി 34,000 പാക്കറ്റ് ലഹരി സാധനങ്ങളാണ് സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ റൂറൽ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം അംഗങ്ങളായ ഗ്രേഡ് എസ്. ഐ.ജിജിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിനേഷ്, ശ്രീജിത്ത്, സി.പി.ഒ അനൂപ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
മത്സ്യവണ്ടിയെന്ന വ്യാജേന മീന്‍ കൊണ്ടുപോകുന്ന ബോക്സുകള്‍ അടുക്കി കയറ്റിയതിനിടയിലായിരുന്നു ചാക്കുകളിലായി പുകയില ഉല്പന്നങ്ങള് ഒളിപ്പിച്ചു വെച്ചിരുന്നത്. കര്‍ണാടകയില്‍നിന്നും ഇരിട്ടി ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു വാഹനമുള്‍പ്പെടെ മൂവര്‍ സംഘം പൊലീസിന്റെ പിടിയിലായത്.
വാഹനത്തിന്റെ നമ്പര്‍ മറയുന്ന രീതിയിലുള്ള ബംബര്‍ വാഹനത്തിന് മുന്നില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ച നിലയിലായിരുന്നു. നിരോധിത പുകയില ഉല്പന്നങ്ങള് സ്ഥിരമായി കടത്തി വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.