പുകയില ഉൽപന്ന വിൽപനക്കാരനും ചൂതാട്ടക്കാരനും പിടിയിൽ
text_fieldsപയ്യന്നൂര്‍: രഹസ്യവിവരത്തെത്തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് വലവിരിച്ചപ്പോൾ കുടുങ്ങിയത് നിരോധിത പുകയില ഉല്പന്നങ്ങളുടെ മൊത്ത വിതരണക്കാരനും ഒറ്റനമ്പര്‍ എഴുത്ത് ചൂതാട്ടക്കാരനും. പയ്യന്നൂര്‍ സ്റ്റേഷൻ പരിധിയിലാണ് സംഭവം.
തായിനേരി എസ്.എ.ബി.ടി.എം സ്കൂളിന് സമീപത്തുനിന്നാണ് മൂന്നുലക്ഷത്തിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങള് വാഹനമുള്‍പ്പെടെ പിടികൂടിയത്. പയ്യന്നൂര്‍ ബസ്സ്റ്റാൻഡിന് സമിപത്തുനിന്ന് ഒറ്റനമ്പര്‍ ചൂതാട്ടക്കാരനെയും പിടികൂടി.
ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് പയ്യന്നൂര്‍ എസ്.ഐ പി. വിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരച്ചിൽ നടത്തിയത്. അഞ്ചുചാക്കുകളില് നിറച്ച പുകയില ഉല്പന്നമായ ഹാന്‍സുമായി കാറില്‍ വരുകയായിരുന്ന തൃക്കരിപ്പൂര്‍ കരോളം സ്വദേശി ഷാഹിബാദ് മന്‍സിലില്‍ എ.എസ്. സര്‍ഫ്രാസിനെ (41) തായിനേരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന മൂന്നുലക്ഷത്തിലധികം രൂപയുടെ ഉല്പന്നങ്ങളും 27,500 രൂപയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് തളങ്കരയില്‍നിന്ന് വാങ്ങിയ പുകയില ഉല്പന്നങ്ങള് പയ്യന്നൂരിലും പരിസരങ്ങളിലുമുള്ള കച്ചവട സ്ഥാപനങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.
മുമ്പ് പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വിട്ടിരുന്നതാണ്. ഇതിനുശേഷം പിടിയിലായ നിരോധിത പുകയില ഉല്പന്ന വില്പനക്കാരെ ചോദ്യം ചെയ്തതില്‍നിന്നാണ് മൊത്തവിതരണക്കാരന് സര്ഫ്രാസാണെന്ന് പൊലീസിന് മനസ്സിലായത്. ഒരാഴ്ചയായുള്ള നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ കുടുക്കാനായത്. പയ്യന്നൂര്‍ എസ്.ഐ വിജേഷിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച നാർകോട്ടിക് സ്ക്വാഡംഗങ്ങളായ എസ്.ഐ ദിലീപ്, എ.എസ്.ഐ നികേഷ്, എ.എസ്.ഐ അബ്ദുൽ റൗഫ്, സി.പി.ഒമാരായ ബിനീഷ്, ജോസ് ലിന് എന്നിവരടങ്ങിയ സ്ക്വാഡാണ് കുടുക്കിയത്.
പയ്യന്നൂര്‍ സ്റ്റേഷൻ ഓഫിസർ മഹേഷ് കെ. നായര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ഒറ്റനമ്പര്‍ ചൂതാട്ടക്കാരനെ പിടികൂടാനായത്. വെള്ളൂര്‍ കിഴക്കിനകത്ത് എ.കെ. മുരളിയെയാണ് (45) പൊലീസ് പിടികൂടിയത്.
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള ലോട്ടറി സ്റ്റാളിന്റെ മറവിലായിരുന്നു ഇയാള്‍ ഒറ്റനമ്പര്‍ ചൂതാട്ടം നടത്തിവന്നത്. ഇയാളില്‍നിന്നും 11,320 രൂപയും പൊലീസ് പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.