ഇന്ന് ഗാന്ധി രക്തസാക്ഷിദിനം: ഇവിടെയുണ്ട്, ചരിത്രത്തിന്റെ മഷി പുരണ്ട ആ കൈയൊപ്പ്
text_fieldsപയ്യന്നൂർ: ഹരിജന സേവനപ്രവർത്തനത്തിന് ആശംസകളറിയിച്ച് ചരിത്രത്തിന്റെ മഷിയടയാളവും ലോകം നമിച്ച കൈയൊപ്പും പതിഞ്ഞപ്പോൾ ആ പുസ്തകവും ചരിത്രത്തിന്റെ ഭാഗം. 88 വർഷം പിന്നിടുമ്പോഴും മഹാത്മാഗാന്ധി സ്വന്തം കൈപ്പടയിൽ എഴുതിയ ആ അക്ഷരക്കൂട്ടം പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ വിലമതിക്കാനാവാത്ത നിധിയായി സൂക്ഷിക്കുന്നു.
നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും നവോത്ഥാന പോരാട്ടങ്ങൾക്കും മൂകസാക്ഷിയായ പയ്യന്നൂരിലെ ഈ കുറിപ്പ് ചരിത്രവിദ്യാർഥികൾക്ക് എന്നും വിജ്ഞാനത്തിന്റെയും ദീപ്തസ്മൃതിയുടെയും വൈകാരികതയുടെയും വെളിച്ചമാണ്. ശ്രീനാരായണ വിദ്യാലയത്തിന്റെ അഗ്നികോണിൽ മഹാത്മാഗാന്ധി നട്ട് വെള്ളമൊഴിച്ച നാട്ടുമാവും പ്രായത്തിന് വഴങ്ങാതെ ചരിത്രസംഭവങ്ങളുടെ സ്മൃതിസാക്ഷ്യമായി ഇന്നും ഹരിതകാന്തി വിടർത്തി നിലനിൽക്കുന്നു.
1934 ജനുവരി 12നാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ ഗാന്ധിജി ആരാധകവൃന്ദത്തോടൊപ്പം പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ എത്തിച്ചേരുകയായിരുന്നു. ആശ്രമം കണ്ടശേഷമാണ് സന്ദർശക പുസ്തകത്തിൽ അഭിപ്രായം പങ്കുവെച്ചത്. ഒപ്പും തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദൃഷ്ടിയിൽ പെട്ടാൽപോലും അയിത്തം കൽപിച്ച് ശിക്ഷ വിധിച്ച് മാറ്റിനിർത്തപ്പെട്ട ദലിത് കുടുംബങ്ങളിലെ കുട്ടികളെ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകുന്നതിന് ശ്രീനാരായണഗുരുവിന്റെ അവസാന ശിഷ്യൻ സ്വാമി ആനന്ദ തീർഥനാണ് ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്. ഇതറിഞ്ഞാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്.
സ്വാമിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച ഗാന്ധിജി അത് സന്ദർശകപുസ്തകത്തിൽ കുറിക്കുകയും പുസ്തകം ആശ്രമത്തിൽ അമൂല്യ നിധിയായി സൂക്ഷിക്കുകയുമായിരുന്നു. സന്ദർശനത്തിന്റെ ഓർമക്കായാണ് ഗാന്ധിജി ആശ്രമവളപ്പിൽ മാവിൻതൈ നട്ടത്. ആശ്രമാധികാരികൾ പരിപാലിച്ച മാവ് മധുരഫലത്തോടൊപ്പം മധുരം നിറഞ്ഞ ഓർമകളും നൽകി 87 വർഷത്തിനുശേഷവും നിലനിൽക്കുന്നു. ഗാന്ധിജിയുടെ മരണശേഷം ചിതാഭസ്മം കൊണ്ടുവന്ന് മാവിൻചുവട്ടിൽ സ്ഥാപിച്ചു. ചിതാഭസ്മ പേടകം സ്ഥാപിച്ച മണ്ഡപവും ഇവിടെയുണ്ട്.
പയ്യന്നൂരിലെത്തുന്ന സഞ്ചാരികളും ചരിത്ര സ്നേഹികളും ഗാന്ധി മാവും ശ്രീനാരായണ വിദ്യാലയവും സന്ദർശിക്കുക പതിവാണ്. 1928ൽ ജവഹർലാൽ നെഹ്റു പങ്കെടുത്ത കെ.പി.പി.സി സമ്മേളനവും തുടർന്നുള്ള ഗാന്ധിജിയുടെ സന്ദർശനവുമാണ് പയ്യന്നൂരിനെ ദേശീയ പ്രസ്ഥാനത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റിയത്.
ക്വിറ്റിന്ത്യ സമരം, കേളപ്പജിയുടെ നേതൃത്വത്തിലുള്ള ഉപ്പ് നിയമ ലംഘനം തുടങ്ങിയ സമരപരിപാടികൾ ഇതിന് തുടർച്ചയാണ്. ഇക്കുറി പയ്യന്നൂരിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പയ്യന്നൂരിലെ പഴയ പൊലീസ് സ്റ്റേഷൻ ഗാന്ധിസ്മൃതി മ്യൂസിയമാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.