ഇന്ന് കൃഷ്ണപിള്ള ദിനം; ഇവിടെയുണ്ട് വിശ്വവിഖ്യാതമായ ആ ചിത്രത്തിെൻറ വേര്
text_fieldsപയ്യന്നൂർ: കേരളം കൃഷ്ണപിള്ളയെ ഓർക്കുന്നത് ആ ഒറ്റ ചിത്രത്തിലൂടെയാണ്. നെറ്റിയിൽ അരിവാൾ വരഞ്ഞിട്ടപോലെ വീണുകിടക്കുന്ന മുടി.വിടർന്നുല്ലസിക്കാൻ മടിച്ചുനിന്ന പല്ലിനെ കാണിക്കാതെയുള്ള ചുണ്ടിെൻറ പുഞ്ചിരി പ്രസാദം. കേരളത്തിെൻറ ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന ആ മുഖം കാമറയിലേക്ക് പകർത്തിയത് ഒരു കണ്ണൂർക്കാരനാണെന്നറിയുന്നവർ വിരളം. കണ്ണൂർ പയ്യന്നൂർ ആലപ്പടമ്പിലെ സി.എം.വി. നമ്പീശനെന്ന മറ്റൊരു വിപ്ലവകാരിയാണ്, കേരളത്തിെൻറ ദിശാഗതി മാറ്റിയ മനുഷ്യെൻറ കറുപ്പും വെളുപ്പും സമന്വയിക്കുന്ന ആ ചിത്രം പകർത്തി കേരളത്തിന് നൽകിയത്.
കമ്യൂണിസ്റ്റ് വളക്കൂറുള്ള മണ്ണാണ് കാങ്കോൽ ആലപ്പടമ്പ് ഗ്രാമം. ജന്മിത്വത്തിനെതിരെ പോരാടിയ വീരചരിത്രമുള്ള മണ്ണിൽ ജനിച്ച നമ്പീശൻ, കേരളത്തിൽ കമ്യൂണിസത്തിന് വിത്തിട്ട കൃഷ്ണപിള്ളയുടെ ചിത്രമെടുത്ത് മറ്റൊരു ചരിത്രമെഴുതി. കോഴിക്കോട് വെച്ചാണ് നമ്പീശൻ കൃഷ്ണപിള്ളയുടെ പടമെടുക്കുന്നത്. പുതിയറയിലെ പഴയ കോമൺവെൽത്ത് ഓട്ടുകമ്പനിക്കു സമീപത്തെ പൊട്ടിപ്പൊളിഞ്ഞ മാളികപ്പുറത്തെ പൂർണിമ സ്റ്റുഡിയോയിലായിരുന്നു പടത്തിെൻറ പിറവി. നമ്പീശെൻറ പഴയ റോളീകോർഡും 120 എം.എം ഫിലിമും സംഗമിച്ചില്ലായിരുന്നുവെങ്കിൽ കേരളത്തിെൻറ സ്വന്തം സഖാവിെൻറ ഈ മുഖശ്രീ കാണുമായിരുന്നില്ല.
ഒളിവിലായിരുന്നു അന്ന് സഖാവ്. പടമെടുത്തതും ഒളിവുജീവിതം നയിച്ച ഫോട്ടോഗ്രാഫർ. ചരിത്രത്തിലേക്കുള്ള പടം നൽകിയശേഷം ഇരുവരും ഷെൽട്ടറുകളിലേക്ക്. അധികം കഴിയുന്നതിനു മുമ്പുതന്നെ ജീവിക്കുന്ന ഫോട്ടോ ബാക്കിയാക്കി സഖാവ് ഓർമകളിലേക്ക് മറഞ്ഞു. 1906ൽ വൈക്കത്ത് ജനിച്ച്, 1948 ആഗസ്റ്റ് 19ന് മുഹമ്മയിലെ കഞ്ഞിക്കുഴിയിൽ ഒളിവിൽ കഴിയവേ പാമ്പുകടിയേറ്റ് മരിക്കുന്നതിനുമുമ്പ് മറ്റൊരു നല്ല ഫോട്ടോ ഇല്ല എന്നറിയുമ്പോഴാണ് ആ ഒറ്റചിത്രം ചരിത്രത്തിൽ അടയാളപ്പെടുന്നത്.
പടം പിടിച്ച ഫോട്ടോഗ്രാഫർ പിന്നീട് മക്കളോടൊപ്പം ബംഗളൂരുവിലും ഹൈദരാബാദിലുമൊക്കെ മാറിമാറി കഴിഞ്ഞശേഷം ഏതാനും വർഷം മുമ്പാണ് വിടവാങ്ങിയത്.
കൃഷ്ണപിള്ള മരിച്ച് 83 വർഷം പിന്നിടുമ്പോഴും അദ്ദേഹത്തിെൻറ ഓർമയോടൊപ്പം പടവും ജീവിക്കുന്നുണ്ട് ലക്ഷങ്ങളുടെ മനസ്സിൽ. എന്നാൽ, പടം പിടിച്ചയാളുടെ സ്ഥാനം വിസ്മൃതിയുടെ ഫ്രെയിമിലാണ് എന്നത് കാലം കാണിച്ച മറ്റൊരു നെറികേടായി ചരിത്രം സാക്ഷ്യപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.