സഹപ്രവർത്തകന് ഫയർ സ്റ്റേഷൻ ജീവനക്കാരുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി
text_fieldsപയ്യന്നൂർ: തിങ്കളാഴ്ച രാവിലെ പ്രഭാത നടത്തത്തിനിടെ വീടിന് സമീപം കുഴഞ്ഞുവീണ് മരിച്ച പയ്യന്നൂർ ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. ശ്രീജിത്തിന് സഹപ്രവർത്തകരുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. വൈകീട്ട് നാലോടെ ഫയർ സ്റ്റേഷനിലെത്തിച്ച ശ്രീജിത്തിെൻറ മൃതദേഹത്തിൽ പയ്യന്നൂർ സ്റ്റേഷനുവേണ്ടി സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രൻ അന്തിമോപചാരം അർപ്പിച്ചു. ജില്ല ഫയർ ഓഫിസർ രാം കുമാർ, വിവിധ അഗ്നിരക്ഷ നിലയത്തിലെ സ്റ്റേഷൻ ഓഫിസർമാരായ കെ.വി. പ്രഭാകരൻ, സി.പി. രാജേഷ് എന്നിവരും പയ്യന്നൂർ സിവിൽ ഡിഫൻസ് യൂനിറ്റിനുവേണ്ടി ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ സൂരജ് കുമാറും അന്തിമോപചാരമർപ്പിച്ചു.
കോവിഡ് കാലത്തും പ്രതിരോധ പ്രവർത്തനങ്ങളിലും അണുവിമുക്ത പ്രവർത്തനങ്ങളിലും മാതൃകാ പ്രവർത്തനം കാഴ്ചവെച്ച ശ്രീജിത്ത് കഴിഞ്ഞ ദിവസങ്ങളിലായി പയ്യന്നൂർ സ്റ്റേഷനിൽ സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്ക് നടത്തിയ സംസ്ഥാന തല ക്യാമ്പിലും ക്ലാസെടുക്കാൻ സജീവ സാന്നിധ്യമായിരുന്നു. വെള്ളൂർ ജെൻറ്സ് അംഗൻവാടിക്ക് സമീപം താമസിക്കുന്ന ശ്രീജിത്ത് കുഞ്ഞിമംഗലം മുച്ചിലോട്ടെ ഗോവിന്ദൻ അന്തിത്തിരിയെൻറയും ഇ.വി. തങ്കമണിയുടെയും മകനാണ്. അടുത്തിടെയാണ് വിവാഹിതനായത്. പട്ടുവം സ്വദേശിനിയായ ചഞ്ചിതയാണ് ഭാര്യ. ശ്രീലത, ശ്രീലേഖ എന്നിവരാണ് സഹോദരങ്ങൾ.
വൈകീട്ട് ജെൻറ്സ് ക്ലബിലും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നാട്ടുകാരും സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് എത്തിച്ചേർന്നത്. തുടർന്ന് ഔദ്യോഗിക ബഹുമതികൾക്കുശേഷം സംസ്കാരം വൈകീട്ട് സമുദായ ശ്മശാനത്തിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.