വന്ദേഭാരതിനു മുന്നിൽ വാഹനം; നിയമകുരുക്കിൽപെട്ട് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണം
text_fieldsപയ്യന്നൂർ: വന്ദേഭാരത് ട്രെയിനിനുമുന്നിൽ കോൺക്രീറ്റ് മിക്സിങ് വാഹനം ഓടിക്കയറിയതിനു പിന്നാലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവൃത്തി നിലച്ചു.
കോൺക്രീറ്റ് മിക്സിങ് വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമുണ്ടായ പ്രശ്നങ്ങളെ തുടർന്നുള്ള നിയമകുരുക്കുകളാണ് പ്രവൃത്തികൾക്ക് താൽക്കാലിക തടസ്സമാവാൻ കാരണം. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പൂർണമായും നവീകരിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്ലാറ്റ്ഫോമിലെ നവീകരണ പ്രവൃത്തിയാണ് ഒരു മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്നത്.
കഴിഞ്ഞ മാസം 26ന് ഉച്ചക്ക് 12.50ന് തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് പോകുകയായിരുന വന്ദേഭാരത് എക്സ്പ്രപ്രസ് ട്രെയിൻ കടന്നുവരുന്നതിനിടയിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്കെ അറ്റത്തെ ട്രോളി പാസേജിലൂടെ കോൺക്രീറ്റ് മിക്സിങ് വാഹനം കടന്നുവരുകയായിരുന്നു. പയ്യന്നൂരിൽ സ്റ്റോപ്പ് ഇല്ലാത്ത വന്ദേഭാരത് വരുന്നതിനിടയിലാണ് കോൺക്രീറ്റ് മിക്സിങ് വാഹനം ട്രാക്ക് മുറിച്ച് കടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ ട്രെയിനിന്റെ വേഗം കുറച്ചതിനാൽ തലനാരിഴക്ക് അപകടത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
ഇതേത്തുടർന്ന് കോൺക്രീറ്റ് മിക്സിങ് വാഹനമോടിച്ച കർണാടക സ്വദേശി കാശിനാഥിനെ (22) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുണ്ടായ നിയമക്കുരുക്കിലാണ് പ്ലാറ്റ്ഫോം നിർമാണ പ്രവൃത്തികൾ നിലച്ചത്. അതേസമയം റെയിൽവേ സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട മറ്റ് പ്രവൃത്തികളെല്ലാം നടക്കുന്നുണ്ട്. പ്ലാറ്റ്ഫോം പ്രവൃത്തികൾ നിലച്ചതോടെ ഉപകരണങ്ങൾ പ്ലാറ്റ്ഫോമിലും മറ്റും ചിതറിക്കിടക്കുകയാണ്.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പ്രവൃത്തി പുനരാരംഭിക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.