വണ്ണാത്തിപ്പുഴ പാലം: ആറുപതിറ്റാണ്ടിന്റെ ചരിത്രം ഇന്ന് വഴിമാറുന്നു
text_fieldsപയ്യന്നൂർ: പരമ്പരാഗത കടവിലൂടെയായിരുന്നു വണ്ണാത്തിപ്പുഴക്ക് പാലം നിർമിക്കേണ്ടത്. എന്നാൽ പുഴയുടെ വീതികാരണം അത് മാറി മറ്റൊരു വഴിതേടി. അറുപതാണ്ടിനു ശേഷം പഴയ കടവിലേക്ക് പാലം തിരിച്ചുവന്നു. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമ്പോൾ പാലം കടക്കുന്നത് ആറു പതിറ്റാണ്ടിന്റെ ചരിത്രം.
ചന്തപ്പുരയിൽ നിന്ന് നേരെ കടവിലേക്ക് മുമ്പേ പാതയുണ്ടായതായി പഴമക്കാർ ഓർക്കുന്നു. എന്നാൽ 1963ൽ പുതിയ പാലം വന്നതോടെ ഈ പാതയുടെ ഉപയോഗം പ്രാദേശികമായി ഒതുങ്ങി. ഇതാണ് വീണ്ടും സജീവമാവുന്നത്. 1963 ജൂൺ പതിനെട്ടിന് രാവിലെ 10ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.പി. ഉമ്മർകോയയാണ് പാലം ഉദ്ഘാടനം ചെയ്തത്.
അന്നത്തെ മാടായി എം.എൽ.എ പി. ഗോപാലനായിരുന്നു അധ്യക്ഷൻ. കോൺഗ്രസ് നേതാവ് മാതമംഗലം കുഞ്ഞികൃഷ്ണൻ പ്രാസംഗകനും. പാലം ഉദ്ഘാടനം ചെയ്ത മന്ത്രി കണ്ടോന്താർ ഇടമന യു.പി സ്കൂൾ ഹാളിലെത്തിയാണ് ഉദ്ഘാടന പ്രസംഗം നടത്തിയതെന്നതും ചരിത്രം.
18ന്റെ പരിപാടിക്ക് 17 ന് ഇറക്കിയ നോട്ടീസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അന്നത്തെ മാടായി മണ്ഡലവും ഇന്ന് ചരിത്രമാണ്. ഇപ്പോൾ കല്യാശ്ശേരിയാണ് മണ്ഡലം. പുതിയ പാലത്തിന്റെ ഉദ്ഘാടന പരിപാടിയിൽ എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
പിലാത്തറ - മാതമംഗലം റോഡിലെ പ്രധാന പാലവും മലയോര മേഖലയിലേക്ക് കടന്നുപോകുന്ന ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പാലവുമാണ് ചന്തപ്പുരയിലെ വണ്ണാത്തിക്കടവ് പാലം. വീതി കുറഞ്ഞ പാലം മാറ്റി സ്ഥാപിക്കണമെന്ന് ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. ഇതാണ് വ്യാഴാഴ്ച യാഥാർഥ്യമാകുന്നത്.
പാലത്തിന് 140 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ ഫൂട്പാത്തും നിർമിച്ചു. ചന്തപ്പുര ഭാഗത്ത് 320 മീറ്റർ നീളത്തിലും മാതമംഗലം ഭാഗത്ത് 60 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമാണ് മെക്കാഡം ടാറിങ്ങും ചെയ്തിട്ടുണ്ട്. പാലം നിർമാണത്തിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 8.49 കോടിയാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.