കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാരുടെ വക വാഹനം
text_fieldsപയ്യന്നൂർ: കോവിഡ് രോഗിയുമായി ആശുപത്രിയിലേക്ക് പോകാൻ വാഹനം ലഭിക്കാൻ പലരെയും വിളിക്കണം. പലപ്പോഴും നിരാശയായിരിക്കും ഫലം.
അവശനിലയിലായ രോഗി വാഹനം കിട്ടാതെ മരണത്തോട് മല്ലടിക്കുന്ന അവസ്ഥ കേരളത്തിൽപോലും വിരളമല്ല. എന്നാൽ, ഈ ദുരന്തം ഇനി പയ്യന്നൂരിൽ ഉണ്ടാകില്ല. കാരണം നാടിെൻറ കരുതലായി ഓടാൻ ഇനിയൊരു സ്നേഹവണ്ടിയുണ്ട്.
പയ്യന്നൂർ നഗരസഭയിലെ മൂന്നാം വാർഡ് നിവാസികളുടെ കൂട്ടായ്മയിലാണ് കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്കായി വാഹനം യാഥാർഥ്യമാക്കിയത്. കോവിഡ് പോസിറ്റിവ് ആയവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് പലരും ഏറെ ദുരിതം അനുഭവിച്ച സാഹചര്യത്തിലാണ് പ്രദേശത്തിനായി ഒരു വാഹനം വാങ്ങണമെന്ന ആശയം നാട്ടുകാരിൽ ഉടലെടുത്തത്.
വാർഡിലെ നിവാസികളുടെ സഹായത്തോടെ ഒറ്റ ദിവസം കൊണ്ടുതന്നെ സാമ്പത്തിക സമാഹരണം പൂർത്തിയായി. വിവാഹ ചെലവിനായി നീക്കിവെച്ച സംഖ്യ, കർഷക തൊഴിലാളി പെൻഷൻ, വിഷുക്കൈനീട്ടം എന്നിങ്ങനെ സംഭാവനകൾ ഒഴുകിയെത്തി. നാടിനെ സഹായിക്കാൻ കൈകോർത്തവരിൽ സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളുണ്ട്.
മൂന്നാം വാർഡിൽ കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ആവശ്യക്കാർക്ക് തികച്ചും സൗജന്യമായി വാഹനസൗകര്യം നൽകുമെന്ന് സംഘാടകർ പറയുന്നു. കൂടാതെ മറ്റു പ്രദേശങ്ങളിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും വാഹനം പ്രയോജനപ്പെടുത്തും.
വാഹനം നൽകിയത് കെ.വി. പ്രമോദാണ്. വാഹനം ഒടിക്കുന്നതിനായി മുന്നോട്ടുവന്നത് സി.പി. സജിത്തും. ഈ മനസ്സും മാതൃകാപരമെന്ന് സംഘാടകർ. നഗരസഭ അധ്യക്ഷ കെ.വി. ലളിത സജിത്തിന് താക്കോൽ കൈമാറി വാഹന സർവിസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഇ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വി.കെ. കൃഷ്ണൻ, എം. സുനിൽ കുമാർ, പി.വി. പ്രസാദ് എന്നിവർ സംസാരിച്ചു. നാട്ടിലെ വാട്സ് ആപ് കൂട്ടായ്മയാണ് കാരുണ്യത്തിെൻറ ഗതാഗതത്തിന് മുൻകൈ എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.