കുഞ്ഞിമംഗലത്ത് നീർത്തടം നികത്തിയ മണ്ണ് തിരിച്ചെടുക്കൽ തുടങ്ങി
text_fieldsപയ്യന്നൂർ: ഏറെ വിവാദത്തിനിടയാക്കിയ കുഞ്ഞിമംഗലത്തെ നികത്തിയ നീർത്തടം പുനഃസ്ഥാപിക്കുന്ന പ്രവൃത്തിക്ക് തുടക്കം. ഹൈകോടതി ഇടപെട്ടതോടെയാണ് നികത്തിയ 10 ഏക്കറോളം സ്ഥലത്തെ മണ്ണ് തിരിച്ചെടുത്ത് പകരം കണ്ടൽ വെച്ചുപിടിപ്പിക്കാനുള്ള നടപടിക്ക് തുടക്കമായത്. ജനകീയ ഇടപെടലുകളുടെ വിജയം കൂടിയായ തിരിച്ചെടുക്കൽ സംസ്ഥാനത്ത് ഇതാദ്യമാണ്.
കഴിഞ്ഞദിവസത്തെ ഗ്രാമപഞ്ചായത്ത് യോഗത്തിലെ തീരുമാനമാണ് നടപ്പാവുന്നത്. മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറിയും ഉപയോഗപ്പെടുത്തിയാണ് തണ്ണീർതടം വീണ്ടെടുക്കുന്നത്. മണ്ണുമാറ്റിയ ശേഷം കണ്ടൽകാടുകൾ നട്ടുപിടിപ്പിക്കും. കുഞ്ഞിമംഗലം പഞ്ചായത്തിലെ പതിനാലാം വാർഡിൽ താമരംകുളങ്ങര പ്രദേശത്തെ പൊരൂണി വയലിലും കൈപ്പാട് പ്രദേശങ്ങളിലുമാണ് എല്ലാ നിയമങ്ങളും ലംഘിച്ച് വ്യാപകമായി മണ്ണിട്ട് നികത്തിയതായി കാണിച്ച് 10 വർഷം മുമ്പ് പരിസ്ഥിതി പ്രവർത്തകനായ പി.പി. രാജൻ പരാതി നൽകിയത്.
കൃഷി ഓഫിസർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും വയൽ നികത്തൽ തുടർന്നു. ഇതിനെതിരെ രാജൻ ഹൈകോടതിയെ സമീപിക്കുകയും മണ്ണുമാറ്റി പൂർവ സ്ഥിതിയിലാക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. തീരുമാനം വൈകിയതോടെ കോടതി വീണ്ടും ഇടപെട്ടു. ഇതോടെ ഉദ്യോഗസ്ഥർ കർശന നടപടികളുമായി രംഗത്തെത്തുകയായിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള പഞ്ചായത്താണ് കുഞ്ഞിമംഗലം. പുല്ലങ്കോട് പുഴയോട് ചേർന്നുള്ള, തീരദേശ നിയമം ബാധകമായ സി.ആർ.ഇസെഡ് എയിൽപ്പെട്ട പാരിസ്ഥിതികമായി പ്രാധാന്യമുള്ള പ്രദേശത്തെ കണ്ടൽക്കാടുകൾ നശിപ്പിച്ച് അതിനു മുകളിൽ മണ്ണിട്ടാണ് പൊരൂണി വയൽ നികത്തിയത്.
പയ്യന്നൂർ തഹസിൽദാർ ടി. മനോഹരന്റെ സാന്നിധ്യത്തിലാണ് പ്രദേശത്ത് നിക്ഷേപിച്ച കെട്ടിടാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമടങ്ങിയ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയത്. ഡപ്യൂട്ടി തഹസിൽദാർ സെയ്ഫുദ്ദീൻ, റവന്യു ഉദ്യോഗസ്ഥരായ എം. സരീഷ്, ടി.പി. രവീന്ദ്രനാഥ്, കുഞ്ഞിമംഗലം പഞ്ചായത്ത് ജീവനക്കാരായ പി. സതീശൻ, ടി.ടി. ശ്രീഗേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശശീന്ദ്രൻ, പഞ്ചായത്ത് മെംബർമാരായ സി. ബാലകൃഷ്ണൻ, ടി. കല്യാണി, കെ. ശോഭ, വി. ലക്ഷ്മണൻ എന്നിവരും എത്തിയിരുന്നു. പരിസ്ഥിതി പ്രവർത്തകരായ പി.പി. രാജൻ, നെട്ടൂർ നാരായണൻ, കെ.വി. യദു, രതീഷ് മവ്വനാൽ എന്നിവരും അവരുടെ മണ്ണ് നീക്കം ചെയ്യുന്നത് കാണാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.