എന്നു തീരും ഈ പണി?
text_fieldsപയ്യന്നൂർ: ദേശീയപാതയുടെ നിർമാണ പ്രവൃത്തി നീളുന്നത് കണ്ണൂർ, കാസർകോട് ജില്ലകളിലെ ഓട്ടോഡ്രൈവർമാരെ നിത്യരോഗികളാക്കുന്നു. പാതയോട് ചേർന്ന മിക്ക ഓട്ടോസ്റ്റാൻഡുകളിലെയും ഡ്രൈവർമാർ പൊരിവെയിലിൽ വാടിയും പൊടിയിൽ കുളിച്ചുമാണ് ജോലി ചെയ്യുന്നത്.
രണ്ടു ജില്ലകളിലുമായി പാതയോരത്ത് ഇരുന്നൂറോളം ഓട്ടോസ്റ്റാൻഡുകൾ ഉണ്ടായിരുന്നതായാണ് തൊഴിലാളി യൂനിയൻ നേതാക്കൾ പറയുന്നത്. ഇതിൽ നിരവധി സ്റ്റാൻഡുകൾ പാതയുടെ പ്രവൃത്തി മൂലം ഇല്ലാതായി. ബാക്കി സ്റ്റാൻഡുകളിലെ ഡ്രൈവർമാരാണ് കടുത്ത ദുരിതത്തിലായത്. മുമ്പ് പാതയോരത്തെ വൃക്ഷ തണലുകളും കടയോരങ്ങളുമാണ് സ്റ്റാൻഡായി ഉപയോഗിച്ചിരുന്നത്. ഇവിടങ്ങളിൽ ഒരിടത്തും ഇപ്പോൾ തണൽ ഇല്ല. ആയിരക്കണക്കിന് മരങ്ങളാണ് മുറിച്ചുമാറ്റിയത്. പഴയ കെട്ടിടങ്ങളും പൊളിച്ചു മാറ്റി.
ഇതോടെയാണ് ഓട്ടോ പാർക്കിങ്ങുകൾ പൊരിവെയിലിലായത്. പാത നിർമാണത്തിന് കിളച്ചിടുകയും മണ്ണിട്ടുയർത്തുകയും ചെയ്തതോടെ പൊടിയിൽ മുങ്ങി തൊഴിലിടം രോഗകേന്ദ്രമായതായി ഡ്രൈവർമാർ പറയുന്നു. മിക്ക ഡ്രൈവർമാരും പൊടി കൊണ്ടുള്ള അലർജി മൂലം നിത്യരോഗികളായി മാറുന്നതായി തൊഴിലാളികൾ പറയുന്നു.
ജില്ലയിൽ എടാട്ട്, പീരക്കാംതടം, പിലാത്തറ, വിളയാങ്കോട്, അലക്യം പാലം, മെഡിക്കൽ കോളജ്, കോരൻപീടിക, ബക്കളം, ധർമശാല തുടങ്ങി നിരവധി സ്റ്റാൻഡുകൾ പാതയോരത്താണ്. ഇവ വെയിലത്താണ് എന്നതു മാത്രമല്ല, ഏതു നിമിഷവും ഇല്ലാതാവുന്ന സ്ഥിതിയുമുണ്ട്.
ആയുർവേദ കോളജിന് സമീപം അലക്യം പാലം സ്റ്റാൻഡിൽ പാർക്കിങ് അസാധ്യമായതിനാൽ ഇപ്പോൾ പാർക്ക് ചെയ്യുന്നില്ല. ഫോൺ വിളിച്ചാൽ മാത്രമാണ് ഓട്ടം പോകാനാവുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വേനൽ ചൂട് ഏറെകൂടിയ വർഷമാണിത്.
ഇതും വലിയ തിരിച്ചടിയാവുന്നു. സ്റ്റാൻഡിൽ തണലില്ലെന്നു മാത്രമല്ല, കയറി നിൽക്കാൻ തണൽമരമോ കടവരാന്തകളോ ഇല്ലാത്ത സ്ഥിതിയുമുണ്ട്. അതുകൊണ്ടുതന്നെ പാതയുടെ നിർമാണം ഉടൻ പൂർത്തിയാക്കി പഴയ സ്റ്റാൻഡുകളുടെ സ്ഥാനത്ത് പുതിയ സ്റ്റാൻഡുകൾ അനുവദിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.