ആരു നീക്കും കളിയാവേശത്തിന്റെ ഈ മാലിന്യം ?
text_fieldsപയ്യന്നൂർ: ഖത്തർ ലോകകപ്പ് ഫുട്ബാൾ സമാപിച്ച് ഏഴു മാസം പിന്നിടുമ്പോഴും ആരാധകർ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും മിക്കയിടത്തും പരിസ്ഥിതി ബോധത്തെ വെല്ലുവിളിച്ച് നിലനിൽക്കുന്നു. ടൗണുകളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിൽപോലും നൂറുകണക്കിന് ഫ്ലക്സുകളാണ് പ്ലാസ്റ്റിക് മാലിന്യമായി നീക്കം ചെയ്യാതെ കിടക്കുന്നത്.
സംസ്ഥാനത്ത് ഫ്ലക്സുകൾക്ക് സർക്കാർ കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ കളിയാവേശത്തിന് കുറവുവരാതിരിക്കാൻ ലോകകപ്പിന് മുന്നോടിയായി നിബന്ധനക്ക് വിധേയമായി സ്ഥാപിക്കാൻ അനുമതി നൽകുകയായിരുന്നു. കളി കഴിയുന്നതോടെ സ്ഥപിച്ചവർതന്നെ നീക്കംചെയ്ത് സംസ്കരണ കേന്ദ്രത്തിലെത്തിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. മിക്ക പ്രദേശങ്ങളിലും ഇത് പാലിക്കപ്പെട്ടില്ല. ക്ലബ്ബുകൾ മുതൽ വ്യക്തികൾ വരെ ഫ്ലക്സുകളും കട്ടൗട്ടുകളും സ്ഥാപിക്കുന്നതിൽ ആവേശം കാണിച്ചു. ഫാൻസുകാർ ബോർഡുകളുടെയും താരങ്ങളുടെ കട്ടൗട്ടുകളുടെയും ഉയരംകൂട്ടാൻ മത്സരിച്ചു. എന്നാൽ, മേള കഴിഞ്ഞ് ആറുമാസം പിന്നിടുമ്പോഴും ഇവയെല്ലാം പാതയോരങ്ങളിൽ മാലിന്യങ്ങളായി നിലനിൽക്കുന്നു.
സ്ഥാപിച്ച ബോർഡുകളും മറ്റും മാറ്റാൻ ചില തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതാരും കേട്ട ഭാവം നടിച്ചില്ല. ചിലയിടങ്ങളിൽ ബോർഡുകളും മറ്റും സ്ഥാപിച്ച സ്ഥലത്തുനിന്നെടുത്ത് ആളുകൾ കാണാത്ത കേന്ദ്രങ്ങളിൽ ഉപേക്ഷിച്ചു. ഒരു ബോർഡും പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിലെത്തിയില്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ടൺ മാലിന്യങ്ങളാണ് ഫ്ലക്സ് ബോർഡുകൾ സംഭാവന ചെയ്യുന്നത്. ഇതാണ് ഫ്ലക്സ് നിരോധത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. ഇടക്കാലത്ത് തുണി ബോർഡുകളിലേക്കും ചുമരെഴുത്തുകളിലേക്കും തിരിച്ചുനടന്നുവെങ്കിലും അത് അൽപ്പായുസ്സായി പരിണമിച്ചു.
തൊഴിൽ പ്രശ്നവും മറ്റും ചൂണ്ടിക്കാട്ടി ഫ്ലക്സുകൾ പൂർവാധികം ശക്തമായി തിരിച്ചു വന്നു. ഫുട്ബാൾ ലോകകപ്പ് സമയത്ത് വൻതോതിലാണ് ബോർഡുകൾ നിർമിച്ചത്. ചെറിയ പ്ലാസ്റ്റിക് കവർ വിൽപനക്ക് പോലും നിരോധനമേർപ്പെടുത്തി റെയ്ഡ് നടത്തി വൻ പിഴ ഈടാക്കുന്ന അധികൃതർ ഫ്ലക്സ് മാലിന്യങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ്. വീടുവീടാന്തരം കയറിയിറങ്ങി ഫീസ് വാങ്ങി പ്ലാസ്റ്റിക് ശേഖരിക്കുന്നവർ പാതയോരത്തെ മാലിന്യ ഫ്ലക്സുകൾ അവഗണിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.