കാട്ടുപന്നികളെ വേട്ടയാടൽ; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം വേണം
text_fieldsപയ്യന്നൂർ: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന സന്ദർഭത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാവണമെന്ന് വനം വകുപ്പ് ഫ്ലെയിങ് സ്ക്വാഡ്. സ്ക്വാഡ് ജില്ല ഫോറസ്റ്റ് ഓഫിസറാണ് ഈ ആവശ്യം ഉന്നയിച്ച് ജില്ല ഫോറസ്റ്റ് ഓഫിസർക്ക് കത്തുനൽകിയത്.
ജില്ലയിൽ മൃഗവേട്ട വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായുള്ള പരാതി ഉയരുന്ന സാഹചര്യത്തിലാണ് സ്ക്വാഡ് ഈ നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ സർക്കാർ തീരുമാനമെടുത്താൽ മാത്രമെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന കാര്യം പരിഗണിക്കാനാവൂ എന്നറിയുന്നു. നിലവിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കാണ് മൃഗവേട്ടയുടെ ചുമതലയുള്ളത്.
സെക്രട്ടറിമാർ നേരിട്ടോ ചുമതലപ്പെടുത്തുന്ന വേട്ടക്കാരടങ്ങുന്ന ടീമിനോ പന്നികളെ വേട്ടയാടാമെന്നാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിൽ പറയുന്നത്. വേട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയണമെന്ന് നിബന്ധനയില്ല. ഇതാണ് ഉത്തരവ് ദുരുപയോഗം ചെയ്യാൻ കാരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
എന്നാൽ, ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലെങ്കിലും കൊലപ്പെടുത്തിയ മൃഗങ്ങളുടെ പടങ്ങളും എണ്ണവും ബന്ധപ്പെട്ട വനംവകുപ്പ് റെയ്ഞ്ച് ഓഫിസിൽ എത്തിച്ച് രജിസ്റ്റർ ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. ഇത് പൂർണമായും പാലിക്കപ്പെടുന്നില്ലെന്ന പരാതിയുണ്ട്. മാത്രമല്ല, പലയിടങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവിമാർ മോണിറ്ററിങ് ചെയ്യുന്നില്ലെന്നും പറയപ്പെടുന്നു. ഒരു പ്രദേശത്ത് വേട്ട നടക്കുമ്പോൾ പ്രദേശത്തെ വാർഡ് അംഗത്തിന് ചുമതല നൽകുകയാണ് പതിവ്.
വൻ കുന്നുകളും കാടുകളും താണ്ടി പന്നിപരിശോധന നടത്തുന്ന വേട്ടക്കാരുടെ കൂടെ പൂർണമായും നടക്കാൻ ജനപ്രതിനിധികൾക്കും സാധിക്കാറില്ല. ഇത് മുതലെടുത്ത വേട്ടമൃഗങ്ങളെ തീൻമേശയിലെത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യപ്പെടാൻ കാരണമാണ്.
എന്നാൽ ആവശ്യമായ ജീവനക്കാർ ഇല്ലാത്തത് വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. ഒരേ ദിവസം നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വേട്ടക്കിറങ്ങുന്ന പക്ഷം എല്ലായിടത്തും ഉദ്യോഗസ്ഥരെ നിയമിക്കാൻ സാധിക്കില്ല.
അതേസമയം പന്നിവേട്ട ഒരു വർഷത്തേക്കു കൂടി നീട്ടി സർക്കാർ ഉത്തരവായിട്ടുണ്ട്. കഴിഞ്ഞ മാസം 25നാണ് ഉത്തരവിന്റെ കാലാവധി അവസാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കർഷകരുടെയും അഭ്യർഥന മാനിച്ചാണ് ഉത്തരവ് കാലാവധി ഒരു വർഷം നീട്ടി നൽകിയത്. സർക്കാർ നിർദേശിച്ച നടപടിക്രമങ്ങൾ പൂർണമായും പാലിച്ചായിരിക്കണം വേട്ടയെന്ന് പുതുക്കിയ ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.