വിരുന്നെത്തി, തുലാത്തുമ്പികൾ
text_fieldsപയ്യന്നൂർ: തുലാമാസം പിറന്നതോടെ മലയാളനാട്ടിൽ തുലാത്തുമ്പികൾ വിരുന്നെത്തി. ലോകസഞ്ചാരത്തിനിടയിലെ ഇടത്താവളമാണ് ഈ തുമ്പികൾക്ക് കേരളം.
സാധാരണയായി തുലാവർഷത്തിന് മുന്നോടിയായാണ് ഇവ കേരളത്തിൽ പ്രവേശിക്കാറുള്ളത്. ഇക്കുറിയും പതിവുതെറ്റിക്കാതെയെത്തി ഈ സഞ്ചാരികൾ. അടുത്ത കരകൾ നോക്കി പറക്കാനൊരുങ്ങുന്നതിനിടയിലാണ് കേരളത്തിന്റെ തുലാവർഷക്കുളിരണിയാൻ ഇത്തിരിനാൾ ഇവിടെ കഴിയുന്നത്.
മഴക്കുമുമ്പ് ഇവ താണുപറന്ന് കർഷകരെ മഴയുടെ വരവറിയിക്കാറുണ്ട്.
തുലാമാസം കഴിയുന്നതോടെ ഇവ ബംഗാൾ ഉൾക്കടൽ കടന്ന് മറ്റ് വൻകരകൾ ലക്ഷ്യമാക്കി പറക്കുകയാണ് പതിവ്.
കേരളത്തിലെ കാലവർഷത്തിന്റെയും തുലാവർഷത്തിന്റെയും ടൈംടേബിൾ തെറ്റിയാൽ പലപ്പോഴും ഇവയുടെ യാത്ര വൈകിയോ നേരത്തെയോ ആകാറുണ്ടെന്ന് തുമ്പിനിരീക്ഷകർ പറയുന്നു. രണ്ടു വർഷം മുമ്പ് കന്നി പകുതിയോടുകൂടിതന്നെ ഇവ കേരളത്തിലെത്തിയിരുന്നു. ഈ സന്ദർഭത്തിൽ മഴയുമുണ്ടായിരുന്നു എന്നത് തുമ്പികളും മഴയും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു.
ധ്രുവപ്രദേശങ്ങളിൽ ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഈ സഞ്ചാരിത്തുമ്പികളെ (Wandering glider -Pantala flavescens) കണ്ടെത്തിയിട്ടുണ്ട്. ഇവക്കെല്ലാം ചേർന്ന് ഒരൊറ്റ 'ജനിതക കുളം'(gene pool) ആണുള്ളത്.
വിവിധ രാഷ്ട്രങ്ങളിലുള്ളവർ ഇണചേർന്ന് മറ്റൊരുരാജ്യത്ത് മുട്ടയിട്ട് വംശവർധന നടത്തുകവഴി അന്താരാഷ്ട്ര സൗഹൃദത്തിന്റെ കണ്ണികളായി സഞ്ചാരിത്തുമ്പികൾ മാറുന്നു. വന്ന തുമ്പികളെല്ലാം ഇവിടെനിന്ന് തിരിച്ചുപോകാറില്ല.
ചിലത് പക്ഷികളുടെ ആഹാരമായോ വാർധക്യംമൂലമോ ഇല്ലാതാവും. എന്നാൽ, മുട്ടവിരിഞ്ഞുവരുന്ന അടുത്തതലമുറ ഒരു മാസംകൊണ്ട് ജലജീവിതം വെടിഞ്ഞ് ദേശാന്തരഗമനം നടത്തുന്നു.
കാറ്റിന്റെ സഹായത്താൽകൂടിയാണ് ഇവ പറക്കുന്നത്. അതു കൊണ്ട് അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദമായിരിക്കാം ഇവയെ തുലാമാസത്തിൽ കേരളത്തിലെത്തിക്കുന്നതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവാത്ത വായുവിലുള്ള സൂക്ഷ്മജീവികളാണ് (aerial planktons) കടൽ താണ്ടുന്ന ദേശാടനകാലത്ത് ഇവയുടെ പ്രധാന ഭക്ഷണം.
പ്രകൃതിയുടെമേൽ മനുഷ്യൻ നടത്തിയ കൈയേറ്റങ്ങൾ ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തുമ്പികളുടെ എണ്ണം വ്യക്തമാക്കുന്നു.
ഇവിടെ സ്ഥിരതാമസമില്ലാത്തതും വംശനാശഭീഷണി കുറയാൻ കാരണമാണ്. എന്നാൽ, മനുഷ്യന്റെ ഇടപെടലിനെ അധികകാലം അതിജീവിക്കാൻ ഇവക്കാവില്ലെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു.
പ്രത്യേകിച്ച് ഇടനാടൻ ചെങ്കൽക്കുന്നുകളും വയലുകളുമാണ് കേരളത്തിൽ ഇവയുടെ ഇഷ്ടയിടങ്ങൾ. കുന്നും വയലും ഇല്ലാതായാൽ തുമ്പികളും അന്യമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.