ഇന്ന് ലോക ക്ഷീരദിനം; വാസുദേവന് ജീവിതമാണ് പശുക്കൾ
text_fieldsപയ്യന്നൂർ: കടന്നപ്പള്ളിയിലെ വെള്ളാലത്തില്ലത്ത് വാസുദേവൻ നമ്പൂതിരിക്ക് പശുക്കൾ ജീവിതമാണ്. രാവിലെ മൂന്നിന് തുടങ്ങുന്ന കന്നുകാലി പരിപാലനം അവസാനിക്കുന്നത് രാത്രി 11 ഓടെയാണ്. പ്രതിദിനം 50 ലിറ്ററിലധികം പാൽ സഹകരണ സംഘം വഴി മിൽമക്ക് നൽകുന്നുണ്ട്. കറവപ്പശുക്കളും എരുമകളും കാളകളുമായി ഇരുപതിലേറെ കാലികൾ ഇദ്ദേഹത്തിെൻറ തൊഴുത്തിലുണ്ട്.
പാലെടുക്കുന്നതിൽ മിൽമ നിയന്ത്രണങ്ങൾ വരുത്തിയത് വിനയായെങ്കിലും ഇപ്പോൾ പ്രതിസന്ധി കുറഞ്ഞു. കാലിത്തീറ്റക്ക് വിലകൂടിയതോടെ പാലിെൻറ ഉൽപാദന ചെലവ് താങ്ങാനാവാതെ വരുന്നതായി വാസുദേവൻ പറയുന്നു. എന്നാൽ, പശു പരിപാലനത്തിൽ നിന്ന് പിന്നോട്ടുപോകാൻ വാസുദേവനില്ല. ഏറ്റവും കൂടുതൽ പാലളക്കുന്ന കർഷകനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പശുക്കൾക്ക് കാറ്റുകൊള്ളാൻ ഫാൻ ഉൾപ്പെടെ തൊഴുത്തിലുണ്ട്. നിലമുഴുന്ന രണ്ട് കാളകളും വാസുദേവെൻറ തൊഴുത്തിലുണ്ട്.
കാർഷിക മേഖലയിൽ യന്ത്രങ്ങൾ സാധാരണമായെങ്കിലും പാരമ്പര്യം വിടാൻ വാസുദേവൻ തയാറല്ല. പുതുതലമുറക്ക് അപരിചിതമായ കലപ്പയും കാളകളുമായി നെൽവയലുകളിൽ ഇറങ്ങുന്ന വടക്കൻ കേരളത്തിലെ തന്നെ അപൂർവം കർഷകരിൽ ഒരാളാണ് ഇദ്ദേഹം. കറവക്കും യന്ത്രം ഉപയോഗപ്പെടുത്താറില്ല. പരമ്പരാഗത രീതിയിൽ കൈകൊണ്ട് കറന്നെടുക്കുകയാണ് പതിവ്.
മികച്ച കർഷകനായിരുന്ന അച്ഛൻ ദാമോദരൻ നമ്പൂതിരിയിൽനിന്ന് കണ്ടുപഠിച്ച കാർഷിക രീതികളിൽനിന്നും വ്യതിചലിക്കാൻ ഇദ്ദേഹത്തിന് താൽപര്യമില്ല. വാസുദേവൻ നമ്പൂതിരിക്ക് സ്വന്തമായി ഒരേക്കറോളം വയലാണുള്ളത്. തരിശ്ശിടുന്ന മറ്റ് നാലേക്കറോളം വയലിൽ കൂടി വിത്തിറക്കിയാണ് നെൽകൃഷി വിപുലമാക്കിയത്. സമീപത്തുള്ള മറ്റുകർഷകരുടെ വയലുകൾകൂടി ഇദ്ദേഹം കാളകളെ ഉപയോഗിച്ച് ഉഴുതുകൊടുക്കും. കാർഷിക മേഖലയിലെ സജീവസാന്നിധ്യത്തോടൊപ്പം വീടിനടുത്ത ക്ഷേത്രത്തിലെ മേൽശാന്തി ജോലിയും ചെയ്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.