മാതമംഗലത്ത് യൂത്ത് ലീഗ് നേതാവിന് മർദനമേറ്റു
text_fieldsപയ്യന്നൂർ: പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാതമംഗലത്ത് യൂത്ത് ലീഗ് പ്രാദേശിക നേതാവിന് മർദനമേറ്റു. മാതമംഗലത്തെ എ.ജെ സൊലൂഷൻസ് സ്ഥാപന ഉടമയും എരമം-കുറ്റൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റുമായ അഫ്സൽ കുഴിക്കാടിനെയാണ് ഒരു സംഘം ആക്രമിച്ചത്. കയറ്റിറക്കു തർക്കത്തെത്തുടർന്ന് സമരം നടക്കുന്ന സ്ഥാപനത്തിൽനിന്ന് സാധനം വാങ്ങുന്നുവെന്നാരോപിച്ച് 20ഓളം വരുന്ന സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചതായാണ് പരാതി.
മാതമംഗലത്തെ എസ്.ആർ അസോസിയറ്റ്സ് എന്ന ഹാർഡ്വെയർ സ്ഥാപനത്തിന് സ്വന്തം തൊഴിലാളികളെ വെച്ച് സാധനങ്ങൾ ഇറക്കുന്നതിനും കയറ്റുന്നതിനും ഹൈകോടതി അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടത്തെ തൊഴിലാളികൾ കയറ്റിറക്ക് നടത്തുന്നതിനെതിരെ സി.ഐ.ടിയു സമരം നടത്തിവരുകയാണ്. സാധനങ്ങൾ വാങ്ങാനെത്തുന്നവരെ ഭീഷണിപ്പെടുത്തി ഇവർ മടക്കിയയക്കുന്നതായി പരാതിയുണ്ട്. ഇത് അനുസരിക്കാതെ ഇവിടെനിന്ന് സാധനങ്ങൾ വാങ്ങുന്നതാണ് ആക്രമണത്തിന് കാരണമെന്ന് അഫ്സൽ പറഞ്ഞു.
നേരത്തെ സി.ഐ.ടി.യുക്കാർ ഭീഷണി മുഴക്കിയിരുന്നതായും പയ്യന്നൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും അഫ്സൽ പറഞ്ഞു. എന്നാൽ, മർദിച്ചതായുള്ള പരാതി വ്യാജമാണെന്നാണ് സി.ഐ.ടി.യു നിലപാട്. അഫ്സലിനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.ടി. സഹദുല്ല, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീർ ഇഖ്ബാൽ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജിയാസ് വെള്ളൂർ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.