പയ്യാവൂർ പഞ്ചായത്ത്: യു.ഡി.എഫ് അംഗങ്ങളുടെ പരാതി പരിശോധിക്കാൻ ഹൈകോടതി ഉത്തരവ്
text_fieldsശ്രീകണ്ഠപുരം: പയ്യാവൂർ പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ നൽകിയ പരാതി പരിഗണിച്ചതിനു ശേഷമേ വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകാവു എന്ന് ഹൈക്കോടതി ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ധനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചേരാതെ നിയമവിരുദ്ധമായി പദ്ധതി ഭേദഗതികൾക്കു അംഗീകാരം നൽകിയതിനെതിരെയും വ്യാജ തീരുമാനങ്ങൾ മിനുട്സിൽ രേഖപ്പെടുത്തിയതിനെതിരെയും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ടി.പി അഷ്‌റഫ്, സിന്ധു ബെന്നി, സിജി തോമസ് എന്നിവർ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
വാർഷിക പദ്ധതി ഭേദഗതിക്ക് തീരുമാനം എടുക്കുന്നതിന് വേണ്ടി കഴിഞ്ഞ 31നു പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നിരുന്നു. നടപടി ക്രമം പാലിക്കാതെ പദ്ധതി ഭേദഗതികൾ അംഗീകരിക്കുന്നതിനെതിരെ ആറ് യു.ഡി.എഫ് അംഗങ്ങൾ വിയോജനകുറിപ്പ് നൽകുകയും തുടർന്ന് സർക്കാറിനും ജില്ലാ കലക്ടർക്കും പരാതി നൽകുകയും ചെയ്തതിന് ശേഷം കോടതിയെ സമീപിച്ചു.
പദ്ധതി ഭേദഗതികൾക്ക് സാമ്പത്തിക അനുമതി നൽകേണ്ട ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേരാതെ സ്റ്റിയറിങ് കമ്മിറ്റി ചേർന്ന് അനുമതി നൽകിയതാണ് പരാതിക്കിടയാക്കിയത്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലുള്ള നാല് അംഗങ്ങളിൽ മൂന്നു പേരും യു.ഡി.എഫ് അംഗങ്ങളാണ്. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ നൽകിയ കേസിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അഭിഭാഷകരായ കെ .മോഹനക്കണ്ണൻ, ഡി.എസ്. തുഷാര എന്നിവർ ഹരജിക്കാർക്ക് വേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.