സുഹൃത്തുക്കളുടെ മരണം; വിറങ്ങലിച്ച് മാട്ടൂൽ
text_fieldsപഴയങ്ങാടി: പനമരം പച്ചിലക്കാടിൽ ഇന്നോവ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ രണ്ടു യുവാക്കളുടെ മരണത്തിൽ മാട്ടൂൽ ഗ്രാമം വിറങ്ങലിച്ചു. തിങ്കളാഴ്ച വയനാട്ടിലേക്ക് പോയ മാട്ടൂൽ സെൻട്രലിലെ പള്ളിക്കാന്റവിട പുതിയപുരയിൽ അഫ്രീദ് (23), നമ്പ്യാർ കണ്ടി മുനവ്വർ (22) എന്നിവരാണ് യാത്ര മധ്യേ പനമരം പച്ചിലക്കാടിൽ അപകടത്തിൽപ്പെട്ട് സംഭവ സ്ഥലത്ത് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് മാട്ടൂലിലെ പി. സി.പി. മുനവ്വറിനു ഗുരുതരമായി പരിക്കേറ്റു.
തളിപ്പറമ്പ് സ്വദേശി ഗ്രാന്റ് ബോർവെൽസ് ഉടമ പുന്നക്കൻ ഹാരിസ്, മാട്ടൂലിലെ പി.പി. ഹബീബ ദമ്പതികളുടെ മകനായ അഫ്രീദും രണ്ടു സുഹൃത്തുക്കളും അഫ്രീദിന്റെ പിതാവിന്റെ ഇന്നോവ കാറിലായിരുന്നു തിങ്കളാഴ്ച പുലർച്ചക്ക് മുമ്പേ വയനാട്ടിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് അഫ്രീദ് ഉപ്പയെ വിളിച്ചിരുന്നു. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞ് പത്തരയോടെയാണ് അപകടം.
ഉപ്പയോടൊപ്പം ഗ്രാന്റ് ബോർവെല്ലിന്റെ പ്രവർത്തനത്തിൽ സജീവമായിരുന്ന അഫ്രീദിന്റെ ഒന്നാം വിവാഹ വാർഷിക ശേഷമാണ് അപകട മരണം.
ഹൈസ്കൂൾ പഠനകാലത്ത് തന്നെ മികച്ച കാൽപന്തുകളിക്കാരനായ അഫ്രീദ് വിവിധ ടീമുകൾക്ക് വേണ്ടി സെവൻസ് ടൂർണമെന്റുകളിലെ കളിക്കാരനാണ്. അന്തർ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഈയിടെ അബൂദാബി കെ. എം.സി.സി ടൂർണമെന്റിലും കളിച്ചിരുന്നു.
അപകടത്തിൽ മരിച്ച നമ്പ്യാർ കണ്ടി മുനവ്വർ പി. അബ്ദുൽകരീം, എൻ.കെ. ഷീബ ദമ്പതികളുടെ ഏക മകനാണ്. വലിയ സുഹൃദ് വലയം സൂക്ഷിക്കുന്ന മുനവർ അഫ്രീദിന്റെ അടുത്ത സുഹൃത്തായിരുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷം മാട്ടുലിലെ ഇരുവരുടെയും വീടുകളിലെത്തിച്ച മൃതദേഹങ്ങൾ മാട്ടൂൽ സെൻട്രൽ ജുമാ മസ്ജിദിനടുത്ത് പൊതുദർശനത്തിനു വെച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന വൻ ജനാവലി അഫ്രീദിനും മുനവ്വറിനും യാത്രാമൊഴി നൽകി. രാത്രി 10.15 ഓടെ ഇരുവരുടെയും മൃതദേഹങ്ങൾ മാട്ടൂൽ സെൻട്രൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.