വനിത നഴ്സിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ
text_fieldsപഴയങ്ങാടി: ചെറുകുന്ന് സെൻ്റ് മാർട്ടിൻ ഡി പോറസ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സക്കിടെ വനിത നഴ്സിനെ ആക്രമിച്ച പ്രതി അറസ്റ്റിലായി. ചെറുകുന്ന് പൂങ്കാവ് സ്വദേശി ജിജിൽ ഫെലിക്സിനെ (36)യാണ് കണ്ണൂർ എ.സി.പി സിബി ടോമിന്റെ നിർദേശപ്രകാരം കണ്ണപുരം പൊലീസ് ഇൻസ്പെക്ടർ കെ. സുഷീറും കണ്ണൂർ ടൗൺ പൊലീസ് സ്വകാഡും ചേർന്ന് കൂത്തുപറമ്പിൽ അറസ്റ്റുചെയ്തത്. നിരവധി കേസുകളിലെ പ്രതിയാണിയാൾ.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കൈക്ക് മുറിവേറ്റ നിലയിൽ സുഹൃത്തുക്കളോടൊപ്പം ഇയാൾ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത നഴ്സ് ഇയാളുടെ കൈയുടെ മുറിവേറ്റ ഭാഗം കഴുകുന്നതിനിടെ ഷൂ ധരിച്ച കാൽ കൊണ്ട് നഴ്സിന്റെ കഴുത്തിന് ചവിട്ടി നിലത്തിടുകയായിരുന്നു. പരിക്കേറ്റ 24 കാരിയായ നഴ്സ് ബോധരഹിതമായി.അടിയന്തിര സ്കാനിങ്ങിന് വിധേയയായ ഇവർ ചികിത്സയിലായിരുന്നു.
ആശുപത്രി അധികൃതരുടെ പരാതിയിൽ പൊലിസ് ആശുപത്രിയിലെത്തിയെങ്കിലും മറ്റ് ആശുപത്രിയിലേക്കെന്ന വ്യാജേന സുഹൃത്തുക്കൾ പ്രതിയെ കാറിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിക്കെതിരെ ആക്രമണം, അസഭ്യ വർഷം, ആരോഗ്യ പ്രവർത്തകർക്കുനേരെ കൈയേറ്റം തുടങ്ങി വകുപ്പുകളിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.